social-media

തിരുവനന്തപുരം: യാത്രാ ട്രെയിനിലെ രണ്ട് ബോഗികള്‍ നിറയെ പന്നികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് ദുരിതം. പന്നി ഗന്ധിയായ വണ്ടി എന്ന തലക്കെട്ടില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രറേറിയന്‍ ബിജു തുറയില്‍ക്കുന്നാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

കന്യാകുമാരി അസാം ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ്, ജയന്തി ജനത എക്‌സ്പ്രസ് എന്നിവയിലാണ് രണ്ട് ബോഗികളില്‍ നൂറിലധികം പന്നികളെ കുത്തിനിറച്ച് കൊണ്ടുവരുന്നത്. മുന്‍വശത്തെ ബോഗികളായതിനാല്‍ ദുര്‍ഗന്ധം യാത്രക്കാര്‍ക്ക് അസഹനീയമാണ്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് മേഘാലയ, നാഗലാന്‍ഡ് എന്നിവിടങ്ങളിലേക്കാണ് പന്നികളെ ട്രെയിനില്‍ കൊണ്ടുപോകുന്നത്. പലകകൊണ്ട് കെട്ടിയടച്ച ബോഗിയില്‍ പന്നികള്‍ക്ക് തീറ്റ നല്‍കാനായി ഫാം ജോലിക്കാരനും യാത്ര ചെയ്യുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പന്നിഗന്ധിയായ വണ്ടി

ഉത്തരേന്ത്യന്‍ വണ്ടികളിലെ ദുര്‍ഗന്ധത്തിന് കാരണം എന്താണ്? ചിന്തിച്ചിട്ടുണ്ടോ? കന്യാകുമാരി - ദിബ്രുഗഡ് നാറ്റ വണ്ടിയെ പന്നി വണ്ടി എന്ന് ഉറപ്പിച്ച് വിളിക്കാന്‍ കാരണം ഇന്നലെ കണ്ട കാഴ്ചയാണ്. ഉത്തരേന്ത്യയില്‍ നിന്ന് വരുന്ന ജയന്തിക്കായിരുന്നു മുന്‍പ് നാറ്റ വണ്ടി എന്ന ബഹുമതി. അതില്‍ നിന്നിറങ്ങിയാലും വസ്ത്രങ്ങളില്‍ സുഗന്ധദ്രവ്യം പൂശിയതുപോലെ ആ ദുര്‍ഗന്ധവും നിറഞ്ഞ് നില്ക്കും. സുഹൃത്തുക്കളായ ചില ഉദ്യോഗസ്ഥ മാന്യദേഹങ്ങള്‍ സീറ്റുണ്ടായാലും നാറ്റം കാരണം ഇതില്‍ കയറില്ല. മൂക്കില്‍ പഞ്ഞിവച്ച് ഇരിക്കേണ്ടി വരുമെന്നാണ് ഇഷ്ടന്‍മാര്‍ പറയാറ്. നാറ്റത്തിന്റെ ഉറവിടം എന്ന് കരുതി വണ്ടിയിലെ പാവങ്ങളെ വെറുതെ സംശയിച്ചു.

അപ്പോഴാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ബഹുമതിയുമായി ആസാമിലെ ദിബ്രുഗഡിലേക്ക് കന്യാകുമാരിയില്‍ നിന്ന് ഒരു വണ്ടി വന്നത്. നാറ്റമെന്നാല്‍ സര്‍വത്ര നാറ്റം! വണ്ടിയില്‍ മാത്രമല്ല പോകും വഴിയൊക്കെ നാറ്റം. കയറുന്നവരൊക്കെ സ്വയം മണത്തു നോക്കുന്നത് കണ്ടിട്ടുണ്ട്. അടുത്തിരിക്കുന്നവരെ ആഞ്ഞ് വലിച്ച് കയറ്റിയും പരീക്ഷിച്ചു. അവരുമല്ലാ. അന്യ സംസ്ഥാന സഹോദരന്മാരോട് മലയാളിക്ക് പണ്ടേയൊരു പുച്ഛം ഉള്ളതാണല്ലോ.

സത്യത്തില്‍ ആ പാവങ്ങളെ വെറുതെ സംശയിച്ചു. അവര്‍ വായില്‍ പൊടി പാക്ക് തിരുമ്മിവയ്ക്കുന്നതിന്റെ നാറ്റം സുലഭമാണ് എന്നതൊക്കെ ശരിതന്നെ. പക്ഷേ ഈ നാറ്റം അതുക്കും മേലെ.! വന്ദേ ഭാരത് ഓടുന്ന ട്രാക്കിന് മീതെയാണന്നോര്‍ക്കണം ഈ നാറ്റം അതിവേഗം ബഹുദൂരം പായുന്നത്.

റെയില്‍വെ വരുമാനം കൂട്ടാന്‍ പകുതി മൃഗങ്ങള്‍ക്കായി ബോഗികള്‍ വിട്ടുകൊടുത്തു. എഞ്ചിന്‍ കഴിഞ്ഞ് മുന്നിലെ രണ്ട് വാഗണുകള്‍ നിറയെ സാക്ഷാല്‍ വരാഹങ്ങള്‍ ആസാമിലേക്ക് പായുന്നു. ഒരിക്കല്‍ അവതാരമെടുത്ത് ഭൂമിയെ സംരക്ഷിച്ച സാക്ഷാല്‍ സൂകരം തന്നെ... കോലം, കിരി, കിടി, ക്രോഡം, ഘോണി, ദംഷ്ട്രി, പോത്രീ, ഭൂദാരം, സ്തബ്ധരോമ എന്നീ പേരുകളിലറിയപ്പെടുന്ന സാക്ഷാല്‍ പന്നി തന്നെയാണ് മുന്നില്‍ നിന്ന് പിന്നറ്റം വരെയുള്ള യാത്രക്കാരെ ദുര്‍ഗന്ധത്താല്‍ അഭിഷേകം ചെയ്യുന്നത്. മൂക്കിലെ രോമം പോലും കരിഞ്ഞു പോകും വിധമുള്ള അസഹനീയ പരിമളം അനുഭവിച്ചറിയാത്ത സ്ഥിരം യാത്രക്കാര്‍ കുറവാണ്. മൂക്കടപ്പുള്ളവര്‍ക്ക് മാത്രമേ അതറിയാന്‍ ഭാഗ്യം കിട്ടാതെ പോകൂ...

ഒന്ന് പറഞ്ഞോട്ടെ... ഈ വാഗണുകള്‍ ഏറ്റവും പിന്നിലാക്കിയാല്‍ ഗാര്‍ഡ് ഉള്‍പ്പെടെ ഈ നാറ്റത്തില്‍ നിന്ന് രക്ഷപെടില്ലേ? തീവണ്ടി വന്ന കാലം മുതല്‍ വായു ദേവന്‍ അതിന്റെ വരവ് കണ്ട് ഭയന്ന് പിന്നിലേക്ക് പായുന്നതിനാല്‍ നാറ്റം മുന്നില്‍ നിന്ന് പിന്നിലേക്ക് പായുന്നു. കുളച്ചല്‍ കാരുടെ മുറുക്കാന്‍ തുപ്പല്‍ പാഞ്ഞ് യാത്രക്കാരെ കുളിപ്പിക്കും പോലെ.

സാക്ഷാല്‍ റെയില്‍വെ തമ്പുരാനോട് ഒന്നേ പറയാനുള്ളു; കുത്തിനിറച്ച് കൊണ്ടുവരുന്ന പന്നികളെ ആദ്യം കുളിപ്പിച്ചിട്ട് വണ്ടിയില്‍ കയറ്റുക. രണ്ടാമത് മുന്നില്‍ ഘടിപ്പിച്ച വാഗണുകള്‍ ഏറ്റവും പിന്നിലേക്ക് മാറ്റുക. ഏറ്റവും ഭീകര കാഴ്ച ആ പണിക്കൂട്ടത്തില്‍ ഒരു മനുഷ്യനും ഉണ്ടായിരുന്നു എന്നതാണ്. വേലി കെട്ടിയ പോലെ പട്ടിയലുകള്‍ വച്ചടച്ച വാതില്‍. അതിനിടയിലൂടെ മൂക്ക് പുറത്തിട്ട് പാവം പന്നികള്‍. കൊല്ലത്തിറങ്ങി മങ്ങിയ വെളിച്ചത്തില്‍ രണ്ട് ചിത്രം എടുക്കാതിരിക്കാനായില്ല.

രാത്രി 8 മുതല്‍ 9 വരെ ആ നാറ്റം സഹിക്കാന്‍ പെട്ട പാട്. അപ്പോള്‍ നാലഞ്ച് ദിനരാത്രങ്ങള്‍ അതില്‍ യാത്ര ചെയ്തിട്ട് ഇറങ്ങി വരുന്നവരുടെ അവസ്ഥ! AC യില്‍ ഇരിക്കുന്നവര്‍ എന്തറിയുന്നു. പരിഹരിച്ച് തരണം. പരിഹരിച്ചേ പറ്റൂ...