water

പട്ടാമ്പി: നാഗലശ്ശേരി, പട്ടിത്തറ, തൃത്താല പഞ്ചായത്തുകളുടെ സംഗമ സ്ഥാനമായ പുളിയപ്പറ്റ കായലിനടുത്തുള്ള കുരുത്തിച്ചാൽ ചിറയിൽ കർഷകരുടെ കൂട്ടായ്മയിൽ തീർത്ത താത്ക്കാലിക ബണ്ട് രാത്രി സാമൂഹ്യവിരുദ്ധർ തകർത്തു. ഇതോടെ വെള്ളം ലഭിക്കാതെ ഇവിടുത്തെ 500 ഏക്കർ നെൽകൃഷി ഉണക്ക് ഭീഷണി നേരിടുകയാണ്.

അധികൃതരുടെ യാതൊരു സഹായവുമില്ലാതെ വഴുതക്കാട് ഭാഗത്തെ കർഷകർ ദിവസങ്ങളോളം പണിയെടുത്ത് മണൽച്ചാക്ക്, വാഴപ്പിണ്ടി, മരത്തടികൾ എന്നിവ ഉപയോഗിച്ച് താത്ക്കാലിക ബണ്ട് നിർമ്മിച്ചത്. ഇവിടെ 500 ഏക്കറിലധികമുള്ള നെൽ കൃഷിയിലേക്ക് കുരുത്തിച്ചാൽച്ചിറയിൽ നിന്നാണ് വെള്ളം ലഭ്യമാക്കുന്നത്. 50 വർഷത്തിലധികം പഴക്കമുള്ള ചിറയിലുണ്ടായിരുന്ന മരച്ചീർപ്പുകൾ കാലപ്പഴക്കത്താൽ നശിച്ച് പോയിരുന്നു. ചീർപ്പ് പുനഃസ്ഥാപിക്കാൻ അധികൃതർ യാതൊരു നടപടിയും എടുക്കാത്തതിനാലാണ് കർഷകർക്ക് താത്ക്കാലിക ബണ്ട് കെട്ടേണ്ടി വന്നത്. സാമൂഹ്യ വിരുദ്ധർ ബണ്ട് തകർത്തതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ.


നട്ട ഞാറുകൾ ഉണക്ക ഭീഷണിയിൽ
ബണ്ടിൽ നിന്നുള്ള ജലസേചനത്തിന്റെ പ്രതീക്ഷയിൽ നട്ട ഞാറുകൾ കരിഞ്ഞുണങ്ങുമെന്നാണ് കർഷകർ പറയുന്നത്. പാടശേഖരത്തിലേക്ക് ആവശ്യത്തിന് വെള്ളം എത്താതായതോടെ നിലം വീണ്ട് കീറാനും തുടങ്ങിയിട്ടുണ്ടെന്ന് കർഷകരായ എം.പി.നിഷാദ്, ടി.എ.സലാം, ടി.വി.സന്തോഷ്, ഷൗക്കത്ത് എന്നിവർ പറഞ്ഞു. ബന്ധപ്പെട്ട അധികൃതരോട് പ്രശ്നങ്ങൾ ഉന്നയിച്ചെങ്കിലും സംഭവസ്ഥലം സന്ദർശിക്കാൻ പോലും ബന്ധപ്പെട്ടവർ തയ്യാറായില്ലെന്നും കർഷകർക്ക് പരാതിയുണ്ട്. പുളിയപ്പറ്റകായലനോടടുത്ത് കിടക്കുന്ന കുരുത്തിച്ചാൽ ചിറ ജലസമൃദ്ധിയുള്ള പ്രദേശമാണ്. താത്ക്കാലിക ബണ്ടുകൾ നിർമ്മിക്കുന്നത് കൊണ്ട് രണ്ടാംവിള വലിയ അപകടം കൂടാതെ കർഷകർക്ക് കൃഷി ചെയ്യാൻ പറ്റുന്ന സ്ഥിതിയുമുണ്ടായിരുന്നതാണ്. പ്രശ്നം പരിഹരിക്കണമെന്നും ബണ്ട് തകർത്ത സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.