bonus

മാന്നാർ: പൊന്നോണ പൂക്കളങ്ങൾക്ക് പൊൻചാരുതയേകിയ പെൺസംഘത്തിന്റെ ബന്ദിപ്പൂ പാടത്ത് വീണ്ടും പൂത്തുലയുന്ന ബന്ദിപ്പൂക്കൾ ആവശ്യക്കാരെ തേടുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് സൗഭാഗ്യ കുടുംബശ്രീയുടെ വിനായക ഫ്ളവേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 17 വനിതകളുടെ കഠിനാധ്വാനത്തിലൂടെയാണ് ഓണം കളറാക്കാൻ കുട്ടംപേരൂർ നാലേകാട്ടിൽ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്ത് ബന്ദിപ്പൂ കൃഷി നടത്തിയത്. ഓണ വിപണിയിലും മറ്റും പൂക്കൾ വിറ്റഴിച്ച് നാല്പത്തിനായിരത്തോളം രൂപ സമാഹരിച്ച് കൃഷി ലാഭകരമാവുകയും ചെയ്തു. മാർക്കറ്റ് വിലയേക്കാൾ അമ്പത് രൂപയോളം കുറച്ചായിരുന്നു വില്പന.

മാന്നാർ, ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും അത്തപ്പൂക്കളം ഒരുക്കാൻ ഇവിടെ നിന്ന് വാങ്ങിയ ബന്ദിപ്പൂക്കൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഓണം കഴിഞ്ഞതോടെ ബന്ദിപ്പൂക്കൾ ആർക്കും വേണ്ടാതായി. ബന്ദിപ്പൂ പാടത്ത് ഫോട്ടോ ഷൂട്ടിനായി ആളുകൾ എത്തുന്നുണ്ട്.

.......

തുക ബോണസ്

ഇപ്പോൾ ലഭിക്കുന്ന തുക ബോണസായിട്ടാണ് കുടുംബശ്രീ വനിതകൾ കരുതുന്നത്. ക്ഷേത്രങ്ങൾക്കും മറ്റും അലങ്കാരാവശ്യത്തിനായി മാത്രമാണ് ഇപ്പോൾ ബന്ദിപ്പൂക്കൾ കൊണ്ടുപോകുന്നത്. അതിനാൽ.

ചെറിയ തുകയ്ക്ക് പോലും ആവശ്യാനുസരണം പൂക്കൾ ഇറുത്ത് നൽകുകയാണ് പെൺസംഘം.പതിനാറാം വാർഡിലെ സൗഭാഗ്യ കുടുംബശ്രീ അംഗങ്ങളായ മായ, ശാന്ത, തങ്കമ്മ, രാധാമണി.കെ, സുജാത, രമ, ശോഭ, സരസ്വതി, രാജലക്ഷ്മി, വത്സല, റംലത്ത്, അമ്മിണി, രാധാമണി.സി.പി, ജയശ്രീ, രാജമ്മ, ബിന്ദു, ശ്യാമള എന്നിവരടങ്ങിയ 17 അംഗ സംഘമാണ് ഇവയെ പരിപാലിച്ച് വളർത്തിയത്.

.......

'പഞ്ചായത്ത് പദ്ധതിയിൽ 50000 രൂപ വകയിരുത്തി ഒരേക്കറിന് 6400 രൂപ വീതം സബ്സിഡി നൽകിയായിരുന്നു ഇത്തവണ ബന്ദിപ്പൂ കൃഷി വിഭാവനം ചെയ്തത്. ലാഭകരമായതിനാൽ മുഴുവൻ വാർഡുകളിലെയും കുടുംബശ്രീ ഗ്രൂപ്പുകളിൽ അടുത്ത വർഷം പൂകൃഷി ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളും.

വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ


'എല്ലാ ചിട്ടവട്ടങ്ങളോടെയും ശാസ്ത്രീയമായും നട്ട് പരിപാലിച്ചതിനാലാണ് ഇത്തവണ ബന്ദിപ്പൂകൃഷി ലാഭകരമാക്കാൻ കഴിഞ്ഞത്. അടുത്ത വർഷം പൂകൃഷിയോടൊപ്പം ഓണത്തിന് വിളവെടുപ്പ് നടത്തക്കവിധം പച്ചക്കറി കൃഷിയും നടപ്പിലാക്കും. അതിനായുള്ള പദ്ധതി ആവിഷ്‌കരിച്ച് വരികയാണ്

പി.സി.ഹരികുമാർ, കൃഷി ഓഫീസർ മാന്നാർ