
കൊച്ചി: പഴയബോട്ടുകളെ ഒഴിവാക്കി അത്യാധുനിക ബോട്ടുകൾ കൊച്ചി കായലിൽ സർവീസ് നടത്താൻ ജലഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആറാമത്തെ കറ്റാമരൻ ബോട്ടാണിത്. പരിശോധനയും പരീക്ഷണയോട്ടവും നടത്തിയശേഷം സർവീസ് ആരംഭിക്കും. ഏഴ് ബോട്ടുകൾ നിർമ്മിക്കാനാണ് പദ്ധതി. ഇതിൽ അഞ്ച് ബോട്ടുകൾ സർവീസ് ആരംഭിച്ചു. ഏഴാമത്തെ ബോട്ടിന്റെ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകും. ഈ ബോട്ട് ഡിസംബറിൽ സർവീസ് ആരംഭിക്കും.
ജില്ലയിലെ പഴഞ്ചൻ ബോട്ടുകളെല്ലാം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ ബോട്ടുകൾ എത്തുന്നത്. പഴയ ബോട്ടുകൾ തുരുമ്പിച്ച് നശിക്കുന്നത് വ്യാപകമായതോടെയാണ് ഇരട്ട എൻജിനോടുകൂടിയ കറ്റാമരൻ ഡീസൽ ഫൈബർ ബോട്ടുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്.
ചെലവ് കുറഞ്ഞതും ആധുനിക സജ്ജീകരണങ്ങളോടു കൂടിയതുമാണ് ബോട്ട്. ബോട്ടിന്റെ രൂപകല്പനയും നിർമ്മാണവും അരൂർ ആസ്ഥാനമായ പ്രാഗ മറൈൻ പ്രൈവറ്റ് ലിമിറ്റഡാണ്. 1.45 കോടി രൂപയാണ് ഒരു ബോട്ടിന്റെ ചെലവ്. കേരളത്തിൽ ആദ്യമായാണ് 100 സീറ്റിംഗ് ശേഷിയുള്ള അത്യാധുനിക ബോട്ട് എത്തുന്നതെന്ന് ജലഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു.
ഫൈബർ ബോട്ടുകൾ മറ്റ് ബോട്ടുകളെ അപേക്ഷിച്ച് ഏറെ സുരക്ഷിതമാണ്. ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ പരിശോധനയോടെയാണ് ബോട്ട് നിർമ്മാണം.
പുതിയബോട്ട് അടുത്തമാസം പകുതിയോടെ സർവീസ് ആരംഭിക്കും.

കറ്റാമരൻ ബോട്ട്
* രണ്ട് ഹള്ളുകളുള്ള ബോട്ടുകളാണ് കറ്റാമരൻ ബോട്ടുകൾ
* ആടിയുലയില്ല
* സഞ്ചരിക്കുമ്പോൾ ഓളം കുറവ്
* മറ്റ് ബോട്ടുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതം
* മറിയാനുള്ള സാദ്ധ്യത കുറവ്
* സീറ്റുകൾ 100
* നിർമ്മാണ ചെലവ് 1.45 കോടി
* നീളം: 20 മീറ്റർ, വീതി 7 മീറ്റർ
* വേഗത 7 നോട്ടിക്കൽ മൈൽ