
ഇസ്ലാമാബാദ്: കാമുകനെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് മാതാപിതാക്കളെ ഉൾപ്പെടെ കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തി യുവതി. പാകിസ്ഥാനിൽ സിന്ധ് പ്രവിശ്യയിലെ ഹെെബത്ത് ഖാൻ ബ്രോഹിയിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ്19 നാണ് യുവതി ബന്ധുക്കൾക്ക് വിഷം നൽകിയത്. സംഭവത്തിൽ യുവതിയുടെ കാമുകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെയും കാമുകന്റെയും പേരും മറ്റുവിവരങ്ങളും പുറത്തുവന്നിട്ടില്ല.
ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 13 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്‌മോർട്ടത്തിലാണ് വിഷം കലർന്ന ഭക്ഷണമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലാകുന്നത്.
യുവതിയും കാമുകനും ചേർന്ന് വീട്ടിൽ റൊട്ടി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗോതമ്പ് മാവിൽ വിഷം കലർത്തിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞെന്ന് ഉയർന്ന് പൊലീസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്റെ കാമുകനെ വിവാഹം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചില്ലെന്നും അതിനാലാണ് വിഷം കലർത്തിയതെന്നും യുവതി പൊലീസിന് മൊഴി നൽകി.