
വിക്രം, മാമന്നൻ എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിനുശേഷം ഫഹദ് ഫാസിലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രമാണ് വേട്ടയ്യൻ. സൂപ്പർസ്റ്റാർ രജനികാന്ത് നായകനാവുന്ന ചിത്രം ഒക്‌ടോബർ പത്തിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഫഹദിനെക്കുറിച്ച് രജനി പറഞ്ഞ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രദ്ധനേടുകയാണ്.
'വേട്ടയ്യനിൽ ഒരു എന്റർടെയ്‌നർ ക്യാരക്‌ടറിനായാണ് ഫഹദ് ഫാസിലിനെ തീരുമാനിച്ചത്. ആർട്ടിസ്റ്റുകളെ തീരുമാനിക്കുന്നതൊന്നും എന്നോട് പറയേണ്ട കാര്യമില്ല. എന്നാൽ ഈ കഥാപാത്രം ചെയ്യുന്നത് ഫഹദ് ആണെന്ന് എന്നോട് പറഞ്ഞിരുന്നു. ഈ കഥാപാത്രം ഫഹദ് ചെയ്താൽ മാത്രമേ ശരിയാകൂ എന്നും എങ്ങനെയെങ്കിലും അദ്ദേഹത്തെ ഈ സിനിമയിലേയ്ക്ക് കൊണ്ടുവരണമെന്നുമായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞത്.
ഇതുകേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്. കാരണം, ഞാൻ അദ്ദേഹത്തിന്റെ അധികം സിനിമകളൊന്നും കണ്ടിട്ടില്ല. വിക്രമും മാമന്നനും മാത്രമാണ് കണ്ടിട്ടുള്ളത്. ഈ രണ്ട് സിനിമകളിലും വില്ലൻ സ്വഭാവമുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തത്. അതിനാൽ തന്നെ എന്റർടെയ്‌നർ കഥാപാത്രം അദ്ദേഹത്തിന് എങ്ങനെ ശരിയാകുമെന്ന് ഞാൻ ചിന്തിച്ചു.
സാർ അയാളുടെ മലയാളം സിനിമകൾ കാണണം, സൂപ്പർ ആർട്ടിസ്റ്റാണ് എന്നായിരുന്നു എന്നാണ് എന്റെ സംശയം പങ്കുവച്ചപ്പോൾ അണിയറപ്രവർത്തകർ പറഞ്ഞത്. പിന്നീട് എനിക്ക് മനസിലായി അദ്ദേഹം എത്ര മികച്ച നടനാണെന്ന്. ഇതുപോലെ ഒരു നാച്ചുറൽ ആർട്ടിസ്റ്റിനെ കാണാൻ കഴിയില്ല, ഞാൻ ഇതുവരെ കണ്ടിട്ടുമില്ല.
ഷോട്ടില്ലാത്ത സമയത്ത് ഫഹദിനെ കാണാൻ പോലും കിട്ടാറില്ല. കാരവാനിൽ ഇരിക്കുന്നത് കണ്ടിട്ടുപോലുമില്ല. ഷോട്ട് റെഡി ആകുമ്പോൾ എവിടെ നിന്നെങ്കിലും ഓടിപ്പിടിച്ചെത്തും. പെട്ടെന്നുതന്നെ ഷോട്ട് തീർത്ത് പോവുകയും ചെയ്യും. അസാദ്ധ്യമായ അഭിനയമാണ് അദ്ദേഹം കാഴ്‌ചവയ്ക്കുന്നത്. സിനിമ കാണുമ്പോൾ ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസിലാവും'- രജനികാന്ത് പറഞ്ഞു.