snake

നമ്മൾ പോലും അറിയാതെയായിരിക്കും ചില സമയങ്ങളിൽ ഉപദ്രവകാരികളായ പാമ്പുകൾ വീട്ടിൽ കയറി വരിക. എത്ര ആളനക്കവും അടച്ചുറപ്പുമുള്ള വീടാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. എങ്ങനെയാണ് പാമ്പ് വന്നതെന്ന് പലപ്പോഴും നമ്മൾ അതിശയിച്ചുപോകും. ഇത്തരത്തിൽ വീടിനകത്ത് പാമ്പ് കയറുന്നത് വലിയ ആപത്താണ്. ഒരു വീടിനകത്തേക്ക് പാമ്പ് കയറുന്നുണ്ടെങ്കിൽ അതിന് കാരണങ്ങൾ പലതായിരിക്കും. ചില വസ്തുക്കൾ,​ അശ്രദ്ധക്കുറവ് എന്നിവയെല്ലാം കാരണം പാമ്പ് വീട്ടിലേക്ക് കയറുന്നു. അവ എന്തെല്ലാമാണെന്ന് നോക്കാം.

വളർത്തുമൃഗങ്ങൾ: ചിലർ വീടിന് സമീപത്ത് പക്ഷികളെയും മുയലിനെയും മറ്റും വളർത്താറുണ്ട്. അതുപോലെ വീടിനോട് ചേ‌ർന്ന് കോഴിക്കൂട്,​ മുയൽ കൂട് എന്നിവ ഉണ്ടാകുന്നതും പാമ്പിനെ ക്ഷണിച്ച് വരുത്തുന്നു. വീടിനകത്ത് കിളികളെയും മറ്റും വളർത്തിയാൽ അതിനെ പിടിക്കാൻ പാമ്പ് വീടിനകത്തേയ്ക്ക് കയറാൻ സാദ്ധ്യതയുണ്ട്. ഇത്തരത്തിൽ കയറുന്ന പാമ്പുകൾ ഇരയെ പിടിച്ച ശേഷം വീടിനകത്ത് ഇരുണ്ട സ്ഥലങ്ങളിൽ ചുരുണ്ടുകൂടി കിടക്കാനും സാദ്ധ്യത ഏറെയാണ്.

പെെപ്പ്: ഇക്കാലത്ത് ചില വീടുകളിൽ അഴുക്ക് വെള്ളം പോകാൻ ഒരു പെെപ്പ് പുറത്തേക്ക് ഇട്ടിരിക്കും. ഇതിന്റെ അഗ്രഭാഗം അടയ്ക്കാതെ തുറന്നുവച്ചാൽ ഇതിലൂടെ പാമ്പ് വീടിനകത്ത് കയറാൻ സാദ്ധ്യതയുണ്ട്.

ചെടികൾ: വീടിനോട് ചേർത്ത് ചെടികൾ,​ പുല്ലുകൾ,​ മരങ്ങൾ എന്നിവ വള‌ർത്തുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. ഇവിടേക്ക് പാമ്പ് വരുകയും വീടിനുള്ളിലേക്ക് കടക്കുകയും ചെയ്യുന്നു. മുറ്റം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക.