
ബ്രേക്കപ്പ് മറികടന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി അനന്യ പാണ്ഡെ. മുൻ കാമുകനുമായി വേർപിരിഞ്ഞശേഷം അതിന്റെ വേദനയും നിരാശയും മറികടക്കാൻ താൻ അയാളുടെ ഫോട്ടോ കത്തിച്ചുകളഞ്ഞുവെന്നാണ് അനന്യ പറഞ്ഞത്. റിലീസിന് ഒരുങ്ങുന്ന 'സി.ടി.ആർ.എൽ' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് അനന്യയുടെ വെളിപ്പെടുത്തൽ.
അത് ചെയ്യുന്ന ഒരേ ഒരാൾ താൻ മാത്രമല്ല. ഒത്തിരിപ്പേരുണ്ടാകും. നിരാശ മറികടക്കാൻ നല്ലൊരു വഴിയാണ്. മുൻകാമുകനെ ഓർമ്മിപ്പിക്കുന്ന സാധനങ്ങൾ എക്സ് ബോക്സ് എന്ന പേരിട്ട പെട്ടിയിലിട്ട് അതൊന്നിച്ച് കത്തിച്ചുകളഞ്ഞുവെന്നും അനന്യ വ്യക്തമാക്കി.
കൂടാതെ താൻ ഇംപോസ്റ്റർ സിൻഡ്രാേമിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചും നടി വ്യക്തമാക്കിയിരുന്നു. അഭിമുഖങ്ങൾക്കിടയിൽ പലപ്പോഴും പേര് യഥാർത്ഥത്തിൽ തന്റെതല്ലെന്ന് തോന്നിയിട്ടുണ്ടെന്നും നടി വിശദീകരിച്ചു.
'മറ്റൊരാൾ എന്റെ പേര് പറഞ്ഞുതുടങ്ങുമ്പോൾ തന്നെ ഇംപോസ്റ്റർ സിൻഡ്രോം പുറത്തുവരും. അഭിമുഖങ്ങൾക്കിടയിൽ പലപ്പോഴും എന്റെ പേര് യഥാർത്ഥത്തിൽ എന്റേതല്ലെന്ന് തോന്നിയിട്ടുണ്ട്. മൂന്നാമതൊരാളാണെന്ന് തോന്നിപ്പിച്ചിട്ടുണ്ട്. പെട്ടെന്ന് ഞാൻ മറ്റൊരാളാണെന്ന് തോന്നിയിട്ടുണ്ട്. എന്റെ സിനിമ കാണുമ്പോഴും ഇത്തരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്. ഞാൻ ആളുകളിൽ ഒരാളായാണ് അത് കാണുന്നത്. സ്‌ക്രീനിൽ ഞാനാണല്ലോ എന്ന കാര്യം മറന്നുപോകുന്നു'- അനന്യ പറഞ്ഞു.
മുതിർന്ന നടൻ ചങ്കി പാണ്ഡെയുടെയും സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ. 'സ്റ്റുഡന്റ് ഒഫ് ദ ഇയർ 2:' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു. പിന്നെ അനന്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് അനന്യ പാണ്ഡെ.