ashokan

കോട്ടയം: ലഹരിക്ക് അടിമയായ മകൻ പിതാവിനെ കുത്തിക്കൊന്നു. കോട്ടയം കുമാരനല്ലൂരിൽ ഇന്ന് രാവിലെയാണ് സംഭവം. കുമാരനല്ലൂർ മേൽപ്പാലത്തിന് സമീപം ഇടയാടി താഴത്ത് വരിക്കതിൽ രാജു (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജുവിന്റെ മകൻ അശോകനെ (42) കോട്ടയം ഗാന്ധിനഗർ എസ് എച്ച് ഒ ഇൻസ്‌പെക്‌ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ 11.45ഓടെയാണ് കൊലപാതകം നടന്നത്. വീട്ടിൽ രാജുവും അശോകനും മാത്രമാണ് താമസിച്ചിരുന്നത്. അശോകൻ ലഹരിക്ക് അടിമയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. തർക്കത്തിനിടെ രാജുവിനെ അശോകൻ കത്തികൊണ്ട് കുത്തുകയായിരുന്നു. വീട്ടിൽ നിന്ന് ബഹളം കേട്ടതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. അശോകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.