
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വെള്ളിയാഴ്ച പഞ്ചാബിനെതിരെ ആദ്യമത്സരം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസൺ നൽകിയ ആത്മവിശ്വാസവുമായി കേരളം രഞ്ജി ട്രോഫിയിലേക്ക് . രഞ്ജിയിലെ പുതിയ സീസണിന് വെള്ളിയാഴ്ച പഞ്ചാബിന് എതിരായ മത്സരത്തിനാണ് കേരളം തുടക്കമിടുക. കെ.സി.എൽ ഫൈനലിൽ ഉൾപ്പടെ സെഞ്ച്വറിനേടി മികച്ച ഫോമിലുള്ള സച്ചിൻ ബേബി തന്നെയാണ് ഈ സീസണിലും കേരളത്തെ നയിക്കുന്നത്.മുൻ ഇന്ത്യൻ താരം അമേയ് ഖുറേസ്യയാണ് പരിശീലകൻ. നിലവിൽ ഇന്ത്യൻ ടീമിനുവേണ്ടി കളിക്കുന്നതിനാൽ സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല,
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് കേരളവും പഞ്ചാബും തമ്മിലുള്ള മത്സരം നടക്കുന്നത്. അവസാനവട്ട പരിശീലനത്തിനുള്ള കേരള ടീമിൽ ഇക്കുറി മൂന്ന് അന്യസംസ്ഥാന താരങ്ങളുണ്ട് വർഷങ്ങളായി കേരളത്തിന് വേണ്ടി കളിക്കുന്ന മദ്ധ്യപ്രദേശുകാരനായ ആൾറൗണ്ടർ ജലജ് സക്സേനയെക്കൂടാതെ . തമിഴ്നാട് താരം ബാബ അപരാജിതും വിദർഭ താരം ആദിത്യ സർവതെയും ഇക്കുറി കേരളത്തിനായിറങ്ങും. രോഹൻ കുന്നുമ്മൽ, കൃഷ്ണപ്രസാദ് ,വത്സൽ ഗോവിന്ദ് എന്നിവരിൽ നിന്നാകും ഓപ്പണിംഗ് ജോഡിയെ കണ്ടെത്തുക.
രോഹൻ പ്രേം കഴിഞ്ഞസീസണിൽ വിരമിച്ചതിനാൽ ഇക്കുറി ഫസ്റ്റ് ഡൗൺ പൊസിഷനിൽ പുതിയ താരത്തെ പരീക്ഷിച്ചേക്കും. സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരും ബാറ്റിംഗിൽ ഫോമിലാണ്. അന്യസംസ്ഥാനതാരങ്ങളെക്കൂടാതെ ഫായിസ് ഫനൂസ്, അക്ഷയ് ചന്ദ്രൻ എന്നിവരെയും സ്പിന്നർമാരായി ഉപയോഗിക്കാം. ബേസിൽ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവർ പേസർമാരായുണ്ട്.
മധ്യപ്രദേശ്, കർണാടക, ഹരിയാന, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നിവരുൾപ്പെട്ട എലൈറ്റ് ഗ്രൂപ്പ് സി-യിലാണ് കേരളം. കഴിഞ്ഞതവണത്തെ മുഷ്ത്താഖ് അലി ട്രോഫി ചാമ്പ്യന്മാരാണ് പഞ്ചാബ് .മുൻ ഇന്ത്യൻ ഓപ്പണറും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ മുടിചൂടാമന്നനുമായ വസിം ജാഫറാണ് പരിശീലകൻ. ഇന്ത്യൻ താരങ്ങളായ അർഷ്‌ദീപ് സിംഗ്, അഭിഷേക് ശർമ്മ എന്നിവരെക്കൂടാതെയാണ് പഞ്ചാബ് എത്തുന്നത്.
കേരളത്തിന്റെ
വെല്ലുവിളികൾ
1. എലൈറ്റ് ഗ്രൂപ്പ് റൗണ്ട് കടന്ന് നോക്കൗട്ടിലെത്തുകയാണ് കേരളത്തിന്റെ ആദ്യ വെല്ലുവിളി. 2022-ൽ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാനമത്സരത്തിൽ പരാജയപ്പെട്ടതോടെ നോക്കൗട്ടിൽ കടക്കാനായിരുന്നില്ല.
2. കഴിഞ്ഞ സീസണിൽ കേരളത്തിന് പ്രതീക്ഷിച്ച മികവുപുലർത്താനായില്ല. ഒരു മത്സരത്തിൽ മാത്രമാണ് വിജയിക്കാനായത്. സമനിലനേടിയ മത്സരങ്ങളിൽ ഇന്നിംഗ്സ് ലീഡ് വഴങ്ങിയതും തിരിച്ചടിയായി.
3. കരുത്തരായ എതിരാളികളെയാണ് കേരളത്തിന് ഇക്കുറി നേരിടേണ്ടത്.പഞ്ചാബ് സെയ്ദ് മുഷ്താഖ് ട്രോഫി ചാമ്പ്യന്മാരാണ്. കർണാടകയും മധ്യപ്രദേശും മുൻ രഞ്ജി ചാമ്പ്യന്മാരാണ്.
4. കുൽദീപ് യാദവ്, ധ്രുവ് ജുറേൽ, റിങ്കുസിംഗ്, യഷ് ദയാൽ തുടങ്ങിയവർ അണിനിരന്നേക്കാവുന്ന ഉത്തർപ്രദേശും കരുത്തരാണ്.
5. പരമാവധി മത്സരങ്ങൾ ഇന്നിംഗ്സ് ലീഡോടെ വിജയിക്കുകയാണ് കേരളത്തിന് മുന്നേറാനുള്ള വഴി.
കേരള ടീം
സച്ചിൻ ബേബി (ക്യാപ്ടൻ),രോഹൻ എസ്.കുന്നുമ്മൽ,കൃഷ്ണപ്രസാദ്,ബാബാ അപരാജിത്,അക്ഷയ് ചന്ദ്രൻമുഹമ്മദ് അസ്ഹറുദ്ദീൻ,സൽമാൻ നിസാർ,വത്സൽ ഗോവിന്ദ്.,വിഷ്ണു വിനോദ്,ജലജ് സക്സേന,ആദിത്യ സർവാതെ ബേസിൽ തമ്പി,നിതീഷ് എം.ഡി,ആസിഫ് കെ.എം,ഫാനൂസ്.
കേരളത്തിന്റെ മത്സരങ്ങൾ
ഒക്ടോബർ 11
Vs പഞ്ചാബ്
ഒക്ടോബർ 18
Vs കർണാടക
ഒക്ടോബർ 26
Vs ബംഗാൾ
നവംബർ 06
Vs ഉത്തർപ്രദേശ്
നവംബർ 13
Vs ഹരിയാന
ജനുവരി 23
Vs മദ്ധ്യപ്രദേശ്
ജനുവരി 30
Vs ബിഹാർ