
യാത്രകൾ താത്കാലിക മരണമാണെന്നു പറഞ്ഞ് തുടക്കം. യാത്രകൾ പുത്തൻ പ്രതീക്ഷകളുടെ ചവിട്ടുപടികളാണെന്നു പറഞ്ഞ് ഒടുക്കം. ദീർഘകാലം പ്രവാസജീവിതം നയിച്ച എഴുത്തുകാരൻ അനിൽ കോനാട്ട് എഴുതിയ 'നേഴ്സ്" എന്ന നോവൽ. ജീവിതസാഹചര്യങ്ങൾ കാരണം വിദേശത്ത് ജോലി സ്വീകരിക്കേണ്ടിവരുന്ന ഒരു നഴ്സിന്റെ വിരഹനൊമ്പരത്തിന്റെ കഥയാണ്. വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ കുടുംബത്തിനൊപ്പം ജീവിക്കാൻ തീരുമാനിച്ചെങ്കിലും, ഭർത്താവിന്റെയും അയാളുടെ വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി പിഞ്ചുകുട്ടികളെയും ഭർത്താവിനെയും പിരിഞ്ഞ് ഓസ്ട്രേലിയയിലേക്ക് ജോലി തേടിപ്പോകാൻ നിർബന്ധിതയാകുന്ന ഗായത്രി എന്ന നേഴ്സ് ഇന്നത്തെ സമൂഹത്തിന്റെ നേർകാഴ്ചയാണ്.
ഇന്ത്യൻ- ഓസ്ട്രേലിയൻ സംസ്കാരങ്ങളുടെ അന്തരം ഇഴയടുക്കത്തോടെ നോവലിസ്റ്റ് പ്രതിപാദിക്കുന്നു ഐ.ഇ.എൽ.റ്റി.എസ് എന്ന 'ഇംഗ്ലീഷ് ഭൂതം" തന്റെ മനോനില തെറ്റിക്കുമോ എന്നു ഭയപ്പെടുന്ന ഗായത്രി ആ ഭൂതത്തെ കീഴടക്കുമ്പോൾ വായനക്കാർ സന്തോഷിക്കുമെങ്കിലും, പിന്നീട് വിദേശരാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലം ഗായത്രി നേരിടുന്ന പ്രതിസന്ധികളും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസത്തിൽ ആ പ്രശ്നങ്ങളെ അതിജീവിക്കുന്നതും വായനക്കാരെ പിടിച്ചിരുത്തും വിധം അവതരിപ്പിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.
രോഗികളോട് സ്നേഹവും സഹാനുഭൂതിയും കാട്ടി അവരുടെ ഹൃദയം കീഴടക്കുന്ന മലയാളി നഴ്സിന്റെ സാന്നിദ്ധ്യം ലോകത്തിന്റെ ഓരോ കോണിലും നമുക്കു കാണാവുന്നതാണ്. നഴ്സിംഗ് പ്രൊഫഷനെ പലരും രണ്ടാം തരമായി കാണുമ്പോൾ നഴ്സിംഗ് ഒരു സന്യാസമാണ് എന്നു പറയുന്നതിലൂടെ അതിന്റെ മഹത്വം എഴുത്തുകാരൻ ഓർമിപ്പിക്കുന്നു. 2005 മുതൽ ഓസ്ട്രേലിയയിൽ താമസിക്കുന്ന അനിൽ കോനാട്ട്, തന്റെ അനുഭവങ്ങളിലൂടെയും കാഴ്ചകളിലൂടെയും ഗായത്രി എന്ന നഴ്സ് സ്വന്തം കഥ പറയുന്ന രീതിയാണ് നോവലിൽ അവലംബിച്ചിരിക്കുന്നത്. സ്വന്തം ദുഃഖങ്ങൾ മറക്കുകയും മറ്റുള്ളവരുടെ ദുഃഖങ്ങൾ സ്വന്തം ദുഖങ്ങളായി കാണുകയും ചെയ്ത ഗായത്രി അവസാനം അവളുടെ യാത്ര വിജയകരമായി പൂർത്തിയാക്കുമ്പോൾ വായനക്കാരൻ ദീർഘനിശ്വാസത്തോടെയാണ് അത് അനുഭവിക്കുന്നത്.
ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന നോവലാണ് 'നേഴ്സ്." രണ്ടു വർഷത്തെ ഓസ്ട്രേലിയൻ ജീവിതത്തിൽ കണ്ട കാഴ്ചകളും അനുഭവങ്ങളും ചിന്തകളും വളരെ മനോഹരമായി ചിത്രീകരിക്കുവാൻ എഴുത്തുകാരനു സാധിച്ചിട്ടുണ്ട്. ഒരാളെ സ്നേഹിക്കണമെങ്കിൽ അയാളുടെ കുറവുകളെക്കൂടി സ്നേഹിക്കണമെന്ന സത്യം മനസിലാക്കിയ ഗായത്രി, തകർന്നുപോയ തന്റെ കുടുംബ ജീവിതം തിരിച്ചു പിടിക്കുന്നതിലൂടെ മനുഷ്യമനസിനെ പിടിച്ചുലയ്ക്കുന്ന വൈകാരിക മുഹൂർത്തങ്ങൾ ഈ ചെറുനോവലിനെ മനോഹരമാക്കുന്നു. വിദേശവാസം സ്വപ്നം കാണുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട നോവലിന്റെ നിരവധി പതിപ്പുകൾ ഇതിനിടെ പുറത്തിറങ്ങി.
വിതരണം: ഡി.സി. ബുക്സ്.
ഡി.സി ബുക്സ് ഓൺലൈൻ സ്റ്റോറിൽ ബുക്ക് ചെയ്യാനാകും.