
റിസർവ് ബാങ്ക് ധന നയം ഇന്ന്
കൊച്ചി: ഉപഭോക്താക്കളുടെ പലിശ ഭാരം കുറയ്ക്കാൻ റിസർവ് ബാങ്ക് മുഖ്യ നിരക്കുകളിൽ കുറവ് വരുത്തുമോയെന്ന് ഇന്നറിയാം. തിങ്കളാഴ്ച ആരംഭിച്ച മൂന്ന് ദിവസത്തെ ധന നയ രൂപീകരണ യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് തീരുമാനം പ്രഖ്യാപിക്കും. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ചുവടുപിടിച്ച് മുഖ്യ പലിശ നിരക്കായ റിപ്പോ കാൽ ശതമാനം കുറച്ചേക്കുമെന്ന് ധനകാര്യ വിദഗ്ദ്ധർ പ്രവചിക്കുന്നു. എന്നാൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ ഇത്തവണയും പലിശ നിരക്കിൽ മാറ്റമുണ്ടാവില്ലെന്നാണ് ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നത്.
2023 ഫെബ്രുവരി മാസത്തിന് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തുകയായിരുന്നു. നാണയപ്പെരുപ്പം രണ്ടക്കത്തിന് അടുത്തേക്ക് ഉയർന്നതോടെയാണ് വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് കൊവിഡ് കാലത്തിന് ശേഷം ആറ് തവണയായി റിപ്പോ നിരക്കിൽ 2.5 ശതമാനം വർദ്ധന വരുത്തിയത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശ ബാദ്ധ്യതയിലും ഗണ്യമായ വർദ്ധനയുണ്ടായി.
നാണയപ്പെരുപ്പം വെല്ലുവിളി
ഇടക്കാലത്തിന് ശേഷം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നതാണ് റിസർവ് ബാങ്കിന് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. തക്കാളി, സവാള, പച്ചക്കറികൾ എന്നിവയുടെ വില മുകളിലേക്ക് നീങ്ങുകയാണ്. കാലാവസ്ഥ വ്യതിയാനവും ഉത്പാദന ചെലവിലെ വർദ്ധനയുമാണ് വിലക്കയറ്റം രൂക്ഷമാക്കുന്നത്. ഇതിനിടെ പശ്ചിമേഷ്യൻ സംഘർഷം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതും നയ രൂപീകരണം ശ്രമകരമാക്കുന്നു.
ഭക്ഷ്യ വിലക്കയറ്റവും പശ്ചിമേഷ്യയിലെ പ്രശ്നങ്ങളും നാണയപ്പെരുപ്പം ഉയർത്തുന്നതിനാൽ ഇത്തവണ റിസർവ് ബാങ്ക് പലിശ കുറച്ചേക്കില്ല
കെ.ആർ ബിജിമോൻ
മുത്തൂറ്റ് ഫിനാൻസ്