cricket

വനിതാ ലോകകപ്പിൽ ഇന്ന് ഇന്ത്യ - ശ്രീലങ്ക മത്സരം

ഐ.സി.സി വീഡിയോയിൽ വാ,വാ താമരപ്പെണ്ണേ പാട്ടും അടിച്ചുകയറിവാ ഡയലോഗും

ദുബായ് : കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇന്ത്യ ഐ.സി.സി വനിതാ ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ ഇന്ന് ശ്രീലങ്കയെ നേരിടും. ആദ്യ മത്സരത്തിൽ കിവീസിനോട് തോറ്റിരുന്ന ഇന്ത്യയ്ക്ക് ശ്രീലങ്കയുമായും ഓസീസുമായുമുള്ള മത്സരങ്ങൾ സെമി പ്രവേശനത്തിന് നിർണായകമാണ്.ആദ്യമത്സരങ്ങളിൽ പാകിസ്ഥാനുമായും ഓസീസുമായും തോറ്റിരുന്ന ലങ്ക അഞ്ചുടീമുകൾ അടങ്ങുന്ന ഗ്രൂപ്പ് എയിൽ പോയിന്റുകളൊന്നും നേടാനാകാതെ അവസാന സ്ഥാനത്താണ്. ഇന്ത്യ രണ്ടുപോയിന്റുമായി നാലാമതും.ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് മാത്രമാണ് സെമിയിലേക്ക് പ്രവേശനം.

അതേസമയം ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ സോഷ്യൽ മീഡിയ ഹാൻഡൽ പുറത്തുവിട്ട വീഡിയോ വൈറലായി. മലയാള സിനിമാഗാനത്തിന്റെ അകമ്പടിയോടെ നൽകിയ വീഡിയോയിൽ മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനുമാണുള്ളത്. മത്സരത്തിൽ പാക്കിസ്ഥാനെതിരെ ബൗണ്ടറിയിലൂടെ ഇന്ത്യയുടെ വിജയറൺ കുറിച്ചശേഷം ഡഗ്ഔട്ടിലേക്കു തിരിച്ചെത്തുന്ന സജനയെ ആശ ‘അടിച്ചു കേറി വാ’ എന്ന ഡയലോഗുമായി സ്വീകരിക്കുന്ന ദൃശ്യമാണ് വിഡിയോയിൽ. തുടർന്ന് സജനയും ‘അടിച്ചു കേറി വാ’ എന്ന ഡയലോഗ് ആവർത്തിക്കുന്നു.ആദ്യമായാണ് രണ്ട് മലയാളി താരങ്ങൾ ഒരേ ലോകകപ്പ് മത്സരത്തിൽ കളിക്കുന്നത്.