ജോൺ ഹോപ്ഫീൽഡും ജെഫ്രി ഹിന്റണും സമ്മാനം പങ്കിട്ടു

സ്റ്റോക്ഹോം: നിർമ്മിത ബുദ്ധി ഉപയോഗിച്ച്, മനുഷ്യന്റെ തലച്ചോറിനെ

പോലെ വിവരങ്ങൾ സൂക്ഷിക്കാനും ഓർമ്മിച്ചെടുക്കാനും വിശകലനം ചെയ്യാനും കഴിവുള്ള കൃത്രിമ ന്യൂറൽ ശൃംഖല വികസിപ്പിച്ച രണ്ട് ഭൗതിക ശാസ്‌ത്രജ്ഞർക്ക് ഇക്കൊല്ലത്തെ ഫിസിക്സ് നോബൽ സമ്മാനം.

നിർമ്മിത ബുദ്ധിയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് -കനേഡിയൻ ശാസ്ത്രജ്ഞൻ ജെഫ്രി ഇ. ഹിന്റണും ( 76)​ അമേരിക്കൻ ശാസ്ത്രജ്ഞൻ ജോൺ ജെ. ഹോപ്ഫീൽ‌‌ഡും (91) നാല് പതിറ്റാണ്ടിലേറെയായി നടത്തിയ ഗവേഷണത്തിനാണ് പുരസ്‌കാരം. 8.3 കോടി രൂപയാണ് സമ്മാനത്തുക.

മസ്തിഷ്‌ക കോശങ്ങളായ ന്യൂറോണുകളിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഇവർ കൃത്രിമ ന്യൂറൽ ശൃംഖല വികസിപ്പിച്ചത്. പരിഭാഷ,ഫേഷ്യൽ റെക്കഗ്നിഷൻ, ചാറ്റ് ജി.പി.ടി, ജമിനി,ക്ലോഡ് തുടങ്ങിയ ചാറ്റ്ബോട്ടുകൾ എന്നിങ്ങനെ ആധുനിക കാലത്ത് അനിവാര്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങളുടെയെല്ലാം അടിത്തറ ന്യൂറൽ നെറ്റ്‌വർക്കാണ്.

കഴിഞ്ഞ വർഷത്തെ ഭൗതികശാസ്ത്ര പുരസ്‌കാരം പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ എൽ ഹൂലിയർ എന്നിവർക്ക്, ആറ്റങ്ങൾക്കുള്ളിലെ മാറ്റങ്ങളുടെ ഒരു സ്‌നാപ്പ്‌ഷോട്ട് നൽകാനും രോഗങ്ങളുടെ കണ്ടെത്തൽ മെച്ചപ്പെടുത്താനും കഴിയുന്ന പ്രകാശത്തിൻ്റെ അൾട്രാ-ഹ്രസ്വ സ്പന്ദനങ്ങൾ സൃഷ്ടിക്കുന്നതിൽ അവരുടെ പ്രവർത്തനത്തിന് അർഹരായി.

മറക്കില്ല, ഓർമ്മിച്ചെടുക്കും

മനുഷ്യ മസ്തിഷത്തെ പോലെ വിവരങ്ങൾ സൂക്ഷിക്കാനും അവ ഓർമ്മിച്ചെടുക്കാനും ( മെഷീൻ ലേണിംഗ് ) വിവരങ്ങൾ വിശകലനം ചെയ്യാനും ( ഡീപ് ലേണിംഗ് ) ന്യൂറൽ ശൃംഖലയ്ക്ക് കഴിവുണ്ട്. ഇതിൽ തന്നെ ചിത്രങ്ങളും ഡാറ്റാ പാറ്റേണുകളും സംഭരിക്കാനും പുനഃസൃഷ്ടിക്കാനും ശേഷിയുള്ള മെമ്മറി സൃഷ്ടിച്ചതാണ് ഹോപ് ഫീൽഡിനെ പുരസ്കാരത്തിന് അർഹനാക്കിയത്. തലച്ചോറിനെ പോലെ ചിത്രങ്ങളും വിവരങ്ങളും പാറ്റേണുകളായി സൂക്ഷിക്കുന്ന ന്യൂറൽ നെറ്റ്‌വർക്ക് 1982ൽ തന്നെ ഹോപ് ഫീൽഡ് നിർമ്മിച്ചിരുന്നു. സമാനമായ

പാറ്റേൺ ഫീഡ് ചെയ്‌താൽ ഈ ചിത്രങ്ങൾ ഓർമ്മിച്ചെടുക്കും. അതിന്റെ തുടർഗവേഷണമാണ് ഹിന്റൺ നടത്തിയത്.

ജോൺ ജെ. ഹോപ്ഫീൽഡ്
യു.എസിലെ ചിക്കാഗോയിൽ 1933ൽ ജനനം. സ്വാർത്ത്മോർ കോളേജിൽ നിന്ന് പിഎച്ച്.ഡി നേടി. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ എമരിറ്റസ് പ്രൊഫസർ.

ജെഫ്രി ഇ. ഹിന്റൺ

ഇംഗ്ളണ്ടിലെ വിംബിൾഡണിൽ 1947ൽ ജനനം. എഡിൻബർഗ് സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി നേടി. കമ്പ്യൂട്ടർ ശാസ്‌ത്രജ്‌ഞൻ. കാനഡയിലെ ടോറന്റോ യൂണിവേഴ്സിറ്റിയിലെ എമിരറ്റസ് പ്രൊഫസർ. ഒരു പതിറ്റാണ്ട് ഗൂഗിളിലെ എ. ഐ ശാസ്‌ത്രജ്ഞനായിരുന്നു. യന്ത്രങ്ങൾ മനുഷ്യനെ കടത്തിവെട്ടുന്ന എ. ഐയുടെ ആപത്തുകളെ പറ്റി മുന്നറിയിപ്പ് നൽകിക്കൊണ്ട് കഴിഞ്ഞ വർഷം ഗൂഗിൾ വിട്ടത് വാർത്തയായിരുന്നു.