
മുംബയ്: ഡേറ്റിംഗ് ആപ്പിലൂടെ നടന്ന തട്ടിപ്പിൽ മുംബയ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.3 കോടി രൂപ. യു.എസിൽ എൻജിനിയറാണെന്ന് പരിചയപ്പെടുത്തിയാണ് ഒരു വർഷം നീണ്ട തട്ടിപ്പ് നടത്തിയത്. ആർ.ബി.ഐ, എൻ.പി.സി.ഐ, ഐ.എം.എഫ് എന്നിവയുൾപ്പെടെ നിരവധി സാമ്പത്തിക സംഘടനകളുടെ പ്രതിനിധികളായി ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊലീസ് പറയുന്നത് : 2023 ഏപ്രിലിലാണ് 65കാരിയായ വീട്ടമ്മ ഇന്റർനാഷണൽ ക്യൂപിഡ് എന്ന ഡേറ്റിംഗ് ആപ്പിലൂടെ പോൾ റൂഥർഫോഡ് എന്നയാളെ പരിചയപ്പെടുന്നത്. ഫിലിപ്പീൻസിൽ ജോലി ചെയ്യുന്ന യു.എസ് പൗരനാണെന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്.  വീട്ടമ്മയുടെ വിശ്വാസം നേടിയെടുത്തിനുശേഷം കൺസ്ട്രക്ഷൻ സൈറ്റിൽ അപകടമുണ്ടായതായും അറസ്റ്റും നാടുകടത്തലും ഒഴിവാക്കാനായി പണം വേണമെന്നും ഇയാൾ അറിയിച്ചു. ബിറ്റ്കോയിനായി ആവശ്യപ്പെട്ട പണം പല തവണകളായി വീട്ടമ്മ നൽകി. ഒരു ദിവസം പണം കൊറിയറായി അയച്ചതായി അറിയിച്ചു. എന്നാൽ വീട്ടമ്മയെ തേടിയെത്തിയത് ഡൽഹി എയർപോർട്ടിലെ ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തിയുള്ള ഒരു കാളാണ്. പാർസൽ കസ്റ്റംസ് പിടിച്ച് വച്ചതായും പിഴ അടച്ചാൽ മാത്രമേ വിട്ടുതരികയുള്ളു എന്നും അറിയിച്ചു. ഇതോടെ വീട്ടമ്മ പല തവണകളായി ഇവർ ആവശ്യപ്പെട്ട പണം നൽകി. സർക്കാർ ചാർജ്ജുകൾ എന്ന പേരിലായിരുന്നു പണം വാങ്ങിയത്. കഴിഞ്ഞ ജനുവരിയിൽ ബാങ്ക് ഒഫ് അമേരിക്കയിലെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞുകൊണ്ട് ഒരാൾ വീട്ടമ്മയെ വിളിച്ചു. കൊറിയറിൽ നിന്നുള്ള രണ്ട് മില്യൺ യു.എസ് ഡോളർ ബാങ്ക് ഒഫ് അമേരിക്കയിലേക്ക് തിരിച്ചെത്തിയതായി അറിയിച്ചു. ഒരു എ.ടി.എം കാർഡും അയച്ചുനൽകി. പിന്നാലെ റിസർവ് ബാങ്ക്, ഐ.എം.എഫ് എന്നിവിടങ്ങളിൽ നിന്നാണെന്നൊക്കെ പറഞ്ഞ് ധാരാളം കാളുകൾ വീട്ടമ്മയെ തേടിയെത്തി.
ഡോളർ ഇന്ത്യൻ കറൻസിയായി മാറ്റുമ്പോൾ 17 കോടി രൂപ ലഭിക്കുമെന്നും ഇതിനിടെ അറിയിച്ചു.
പിന്നീട് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷനിൽ നിന്നാണ് വിളിയെത്തിയത്. വീട്ടമ്മയിൽ നിന്ന് ഇതിനോടകം ഈടാക്കിയ തുക തിരിച്ച് നൽകുന്നതായും ഫീസ് അടയ്ക്കണമെന്നുമായിരുന്നു നിർദ്ദേശം. പിന്നാലെ സ്വകാര്യ ബാങ്കിൽ നിന്നെന്ന രീതിയിൽ ഇന്റർ സിറ്റി ചാർജ്ജുകൾ ആവശ്യപ്പെട്ടു. വീട്ടമ്മ ഇവർക്കും പണം നൽകി. ഇങ്ങനെ ഒരു വർഷം കൊണ്ട് 1.3 കോടി രൂപയാണ് തട്ടിയെടുത്തത്. വീണ്ടും ഫോൺവിളികൾ വന്നതോടെ വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു.