a

രാജ്യത്തെ അധികാര അരമനകളിലെ രഹസ്യങ്ങൾ പൗരന്മാർക്ക് പ്രാപ്യമാക്കിയ വിവരാവകാശ നിയമം ഇന്ന് (ഒക്ടോബർ 12)ഇരുപതാം വയസിലേക്ക് പ്രവേശിക്കുകയാണ്. സ്വജനപക്ഷപാതമാണ് എവിടെയും. ഭരണത്തിന്റെ ആനുകൂല്യങ്ങൾ തനിക്കും തന്റെ ഇഷ്ടക്കാർക്കും എന്നായിരിക്കുന്നു. പഞ്ചായത്തംഗം മുതൽ പാർലമെന്റ് അംഗം വരെ ആരോപണം നേരിടുന്നു. പൊതുജീവിതത്തെ മുച്ചൂടും അഴിമതി വരിഞ്ഞു മുറുക്കിയിരിക്കുന്നു. മായം, അളവു തൂക്കങ്ങളിൽ വ്യത്യാസം, പരസ്യങ്ങളിൽ പതിയിരിക്കുന്ന ചതി തുടങ്ങി നേരും നെറികേടും തിരിച്ചറിയാൻ കഴിയാത്തവിധം കൂടിക്കുഴഞ്ഞ അവസ്ഥയിലായിട്ടുണ്ട്.

വൈദ്യുതി ബില്ലു മുതൽ ബസ് ടിക്കറ്റുവരെയും, ആശുപത്രി സേവനം മുതൽ ചായപ്പീടിക വരെയും മിക്കവാറും എല്ലായിടത്തും മറഞ്ഞിരിക്കുന്ന ചാർജുകളും വെളിപ്പെടുത്താത്ത നികുതികളും അടയ്ക്കുന്നവരാണ് ജനങ്ങൾ. നല്കുന്ന പണത്തിന് തുല്യ മൂല്യമുള്ള വസ്തുക്കളും സേവനങ്ങളും ലഭിക്കുന്നില്ല. റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് അങ്ങനെ പലതിനും സർക്കാർ ഓഫീസിൽ അപേക്ഷ നല്കി കാത്തിരിക്കുന്നവർ നിരവധിയാണ്. വഴിവാണിഭക്കാരൻ മുതൽ ഭരണസാരഥികൾ വരെ മോഹന വാഗ്ദാനങ്ങൾ പറഞ്ഞ് വശീകരിക്കുന്നു. ലഭിക്കുന്നതാകട്ടെ, പലപ്പോഴും പ്രതീക്ഷതിച്ചതിലും മോശം അനുഭവവും! ഇതെല്ലാം യഥാവിധം നടത്തിക്കൊണ്ടുപോകേണ്ട സംവിധാനമാണ് സർക്കാർ. അതുകൊണ്ടുതന്നെ ഏതു പൗരനും സർക്കാരിനോട് എന്തെങ്കിലുമൊന്ന് ചോദിക്കാനുണ്ടാവും. ആ ചോദ്യങ്ങളോട് സർക്കാർ യഥാസമയം പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് വിവരാവകാശ നിയമം.

സ്വതന്ത്ര ഇന്ത്യ നടപ്പിൽ വരുത്തിയ ഏറ്റവും ശക്തവും സർവവ്യാപിയുമായ നിയമമാണ് വിവരാവകാശം. പത്തു രൂപ ചെലവിട്ടാൽ രാജ്യത്തെ ഏതു പൗരനും ഏതു വിഷയത്തെക്കുറിച്ചും സർക്കാർ സംവിധാനത്തോട് എന്തും ചോദിക്കാം. അഥവാ പൗരൻ ചോദിക്കുന്ന ഏതു കാര്യത്തിനും മറുപടി നല്കാൻ സർക്കാർ സംവിധാനം ബാദ്ധ്യസ്ഥമായിരിക്കുന്നു. ഔദ്യോഗിക രഹസ്യ നിയമം,ദേശ സുരക്ഷാ നിയമം, പ്രതിരോധ നിയമം തുടങ്ങിയ പലതരം ചിട്ടവട്ടങ്ങളിലൂടെ നിഷിദ്ധമായിരുന്ന വിവരങ്ങളുടെ ജാലകമാണ് ഈ നിയമം പൗരനു മുന്നിൽ തുറന്നു വച്ചത്.

പൗരന്മാരുടെ ആവശ്യങ്ങളടങ്ങുന്ന നിവേദനങ്ങൾ, ജനങ്ങളെ ബാധിക്കുന്ന പഠന റിപ്പോർട്ടുകൾ,സർക്കാർ ഉത്തമ താത്പര്യത്തോടെ പ്രഖ്യാപിച്ച പദ്ധതികൾ തുടങ്ങിയവ ചുവപ്പു നാടയിൽ കുടുങ്ങിക്കിടക്കുമ്പോൾ അതേക്കുറിച്ച് അറിയാൻ, ഫയലിന്റെ നാടക്കെട്ട് അഴിക്കുന്നതിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കാൻ ഏറ്റവും എളുപ്പത്തിൽ പൗരനു കഴിയുന്ന മാർഗമാണ് വിവരാവകാശം. തന്റെ പരാതിയിന്മേൽ സർക്കാർ എന്തെടുത്തു എന്നെങ്കിലും പരമാവധി മുപ്പതു ദിവസത്തിനകം അറിയാൻ കഴിയും. ഏതു സാധാരണക്കാരനും, ഏതു പദവിയുള്ളവർക്കും ഭരണത്തിൽ ഇടപെടാം; ഭരണ നടപടി നീക്കങ്ങളെക്കുറിച്ച് അന്വേഷിക്കാം.

കോടതികളുടെ

സംഭാവന


വിവരാവകാശ നിയമത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനും ജുഡിഷ്യറിയും വലിയ സംഭാവനകൾ നല്കുന്നുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പോലും വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കിക്കൊണ്ട് 2019-ൽ സുഭാഷ് ചന്ദ്ര അൻവാളിന്റെ കേസിൽ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ഡി.എ.വി കോളേജിന്റെ കേസിൽ പ്രത്യക്ഷമായോ പരോക്ഷമായോ സർക്കാരിൽ നിന്ന് ഗണ്യമായ ധനസഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളെ ഈ നിയമത്തിന്റെ പരിധിയിലാക്കി. റിസർവ് ബാങ്കും രാഷ്ട്രപതി ഭവനും രാജ്ഭവനുകളുമെല്ലാം വിവരാവകാശ നിയമത്തിന്റെ പരിധിയിലാണ്. ഹേമ കമ്മറ്റി റിപ്പോർട്ട് ചട്ടങ്ങൾ പാലിച്ച് പുറത്തുവിടണമെന്ന കമ്മിഷന്റെ ഉത്തരവ് പരിശോധിച്ച കേരള ഹൈക്കോടതിയുടെ രണ്ടു ഡിവിഷൻ ബെഞ്ചുകളും മൂന്ന് സിംഗിൾ ബെഞ്ചുകളും കമ്മിഷന്റെ ഉത്തരവിനെ ശക്തമായി പിന്തുണയ്ക്കുകയാണ് ചെയ്തത്.

ആർ.ടി.ഐ

ക്ലബ്ബുകൾ


എന്നാൽ നിയമം സ്വയം പ്രവർത്തിക്കില്ലെന്നും സമൂഹത്തിന്റെ സജീവമായ ഇടപെടലോടെ മാത്രമേ അത് സാദ്ധ്യമാകൂ എന്നും അറിയാത്തവരല്ല വിവരാവകാശ പ്രവർത്തകർ. പക്ഷേ അവരുടെ ഇടപെടലുകൾക്ക് മുന്നേപ്പോലെ ശക്തിയില്ല. ഇടപെടുന്നവരാകട്ടെ പലരും സ്വകാര്യ ആവശ്യങ്ങളിലും വ്യക്തിതാത്പര്യങ്ങളിലുമാണ് കേന്ദ്രീകരിക്കുന്നത്. വികസനം, ക്ഷേമം, ആശ്വാസം തുടങ്ങിയ സർക്കാർ പ്രവർത്തനങ്ങളെയും രാജ്യത്തിന്റെയും നാട്ടാരുടെയും നന്മയെയും കരുതിയുള്ള പൊതുതാത്പര്യ ഹർജികൾ നന്നേ കുറവാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് വിദ്യാലയങ്ങളിൽ വിവരാവകാശ ക്ലബ്ബുകൾ രൂപീകരിക്കുന്നത്.


എല്ലാ ക്ലാസിലും ഒരു കോ-ഓർഡിനേറ്റർ, അവർക്കുമേൽ വകുപ്പു തലത്തിൽ ഒരു ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ ഓഫീസർമാരെ ഏകോപിപ്പിക്കാൻ ഫോക്കൽറ്റി (അപ്പലേറ്റ് അതോറിട്ടി), ഏറ്റവും മുകളിൽ ഇൻഫർമേഷൻ ഡയറക്ടർ പരാതികൾ കേട്ട് പരിഹരിക്കുക എന്നിങ്ങനെയാണ് ആർ.ടി.ഐ ക്ലബ്ബുകളുടെ പ്രവർത്തന മാതൃക. ഓരോ ക്ലാസിലെയും കുട്ടികളെ കാലിക വിഷയങ്ങളിൽ വിവരാവകാശ അപേക്ഷ നല്കാൻ പരിശീലിപ്പിക്കും.

വിവരങ്ങൾക്ക്

വിലങ്ങിടാൻ

അലസരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരും ജനങ്ങളിൽ നിന്ന് പലതും മറച്ചുവയ്ക്കാൻ ആഗ്രഹിക്കുന്ന അധികാരികളും ഈ നിയമത്തിന്റെ പവിത്രത ഉൾക്കൊള്ളാൻ ഒരുക്കമല്ലെന്നാണ് അനുഭവം. വിവരാവകാശ നിയമത്തിൽ, വിവരം പുറത്ത് നല്‌കേണ്ടതില്ല എന്നു നിർദ്ദേശിച്ചിരിക്കുന്ന വകുപ്പുകൾക്കാണ് ഇതിനകം ഏറെ പ്രചാരവും പ്രയോഗവും ലഭിച്ചിട്ടുള്ളത്. ആകെ 31 വകുപ്പുകളുള്ള ആർ.ടി.ഐ ആക്ടിൽ എട്ടാം വകുപ്പിൽ പറയുന്ന പത്ത് ഇനങ്ങളാണ് നൽകേണ്ടതില്ലാത്തത്. ആ നിർദ്ദേശങ്ങൾ ആവേശത്തോടെ നടപ്പാക്കാൻ ഉദ്യോഗസ്ഥരും, ആ വകുപ്പിന്റെ വ്യാപ്തി വലുതാക്കാൻ അധികാരികളും നിരന്തരം ശ്രമിക്കുന്നുണ്ട്. അതേസമയം, വിവരം നല്കാൻ പറയുന്ന മറ്റു വകുപ്പുകളുടെ ഉത്തമതാത്പര്യം ഇവരിൽ അധികംപേരും സൗകര്യപൂർവം മറക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നു. അത്തരം വകുപ്പുകളെ ദുർബലപ്പെടുത്താനും അസ്ഥിരപ്പെടുത്താൻപോലും പലപ്പോഴും ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നു.

എന്നാൽ, കേരളത്തിൽ വിവരാവകാശ നിയമത്തിന്റെ പ്രയോഗവത്കരണത്തിന് ക്രിയാത്മകവും അവസരോചിതവുമായ പിന്തുണയാണ് സർക്കാരിൽ നിന്ന് ലഭിക്കുന്നത്. തുടക്കത്തിൽ ജനങ്ങൾ വിവരാവകാശ നിയമത്തെ വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും ഇടക്കാലത്ത് ഇതിനോട് ഒരു തരം മരവിപ്പ് അനുഭവപ്പെട്ടിരുന്നു എന്നത് യാഥാർത്ഥ്യമാണ്. ഈ നിയമത്തെ കൂടുതൽ ശക്തവും ചടുലവുമാക്കുന്നതിന് ഉദ്യോഗസ്ഥർക്കെന്നതു പോലെ വിവരാവകാശ കമ്മിഷനും ജനങ്ങൾക്ക് പൊതുവിലും ഉത്തരവാദിത്വമുണ്ട്.