k

ടെൽ അവീവ്: ഹിസ്ബുള്ളയുടെ ആയുധ വിഭാഗം തലവനും ഉന്നത കമാൻഡറുമായ സുഹൈൽ ഹുസൈൻ ഹുസൈനിയെ ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ സേന. ഇറാനിൽ നിന്ന് ആയുധങ്ങൾ എത്തിച്ച് ഹിസ്ബുള്ളയുടെ യൂണിറ്റുകൾക്ക് എത്തിക്കുന്നത് ഹുസൈനി ആയിരുന്നു.

അതിനിടെ ഹിസ്ബുള്ള വെടിനിറുത്തലിന് സന്നദ്ധമാണെന്ന് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി നേതാവ് നയീം ക്വാസിം അജ്‌ഞാത കേന്ദ്രത്തിൽ നിന്നുള്ള ടെലിവിഷൻ സന്ദേശത്തിൽ സൂചിപ്പിച്ചു. വെടിനിറുത്തലിന് ലെബനൻ പാർലമെന്റ് സ്പീക്കർ നബീ ബേരി നടത്തുന്ന രാഷ്‌ട്രീ നീക്കങ്ങളെ പിന്തുണയ്ക്കുമെന്നാണ് സന്ദേശം.

അതേസമയം, 18 വർഷത്തിന് ശേഷം ആദ്യമായി വടക്കൻ ഇസ്രയേലിലെ ഹൈഫയിൽ ഇന്നലെ ഹിസ്ബുള്ള വൻ റോക്കറ്റ് ആക്രമണം നടത്തി. അരമണിക്കൂറിൽ 100ലധികം റോക്കറ്റുകളാണ് തൊടുത്തത്. 12 പേർക്ക് പരിക്കേറ്റു. ജനങ്ങൾ മാറണമെന്ന് ഇസ്രയേൽ സൈന്യം നിർദ്ദേശിച്ചു. അപ്പർ ഗലീലി, സെൻട്രൽ ഗലീലി, ഹൈഫ ബേ എന്നീ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. കിർയത് യാം, കിർയത് മോസ്‌കിൻ എന്നിവിടങ്ങളിൽ നാശമുണ്ടായതായി റിപ്പോർട്ടുണ്ട്.

തെക്കൻ ലെബനനിൽ ടാങ്കുകൾ ഉപയോഗിച്ചുള്ള കരയാക്രമണം ഇസ്രയേൽ വ്യാപിപ്പിച്ചു. ഇതുവരെ, അതിർത്തിയുടെ കിഴക്കായിരുന്നു ആക്രമണം. പടിഞ്ഞാറൻ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചെന്ന് ഇസ്രയേൽ അറിയിച്ചു.

അതേസമയം, മദ്ധ്യ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ 25 പാലസ്തീനികൾ കൊല്ലപ്പെട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ, ഗാസ​യി​ൽ 56 പേ​രാ​ണ് ഇ​സ്ര​യേ​ൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ ഒന്നാം വാ‍ർഷിക ദിനത്തിൽ ഹമാസ് ഇസ്രയേലിലേക്ക് നാല് റോക്കറ്റുകൾ തൊടുത്തു. തിരിച്ചടിയായി ഇസ്രയേൽ ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും ഭൂഗർഭ കേന്ദ്രങ്ങളും ആക്രമിച്ചു.

അതിനിടെ, ഡമാസ്‌കസിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഏഴ് പേർ കൊല്ലപ്പെട്ടു.

ഹിസ്ബുള്ളയുടെയും

ഇറാന്റെയും വലംകൈ

ഇറാനും ഹിസ്ബുള്ളയും തമ്മിലുള്ള ആയുധ കൈമാറ്റത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് സുഹൈൽ ഹുസൈൻ ഹുസൈനി. ഹിസ്ബുല്ലയുടെ യുദ്ധ തന്ത്രങ്ങൾക്കും സാമ്പത്തിക കാര്യങ്ങൾക്കും മേൽനോട്ടംവഹിച്ചു. ഇസ്രയേലിനെതിരെ ലെബനനിൽ നിന്നും സിറിയയിൽ നിന്നുമുള്ള ഭീകരാക്രമണങ്ങൾ ഏകോപിപ്പിച്ചിരുന്നു. ഹിസ്ബുള്ളയുടെ ജിഹാദ് കൗൺസിൽ അംഗമായിരുന്നു.

സഫീദ്ദീൻ കൊല്ലപ്പെട്ടെന്ന്

യോവ് ഗാലന്റ്

ഹിസ്ബുള്ളയുടെ മുതിർന്ന നേതാവ് ഹാഷിം സഫീദ്ദീൻ കഴിഞ്ഞയാഴ്ച ബെയ്‌റൂട്ടിലെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇസ്രയേൽ വധിച്ച ഹസൻ നസ്രള്ളയുടെ ബന്ധുവാണ്. ഗ്രൂപ്പിന്റെ അടുത്ത നേതാവാകുമെന്ന് കരുതിയിരുന്ന സഫീദീൻ കൊല്ലപ്പെട്ടതായി നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടായിരുന്നു.