
കൊച്ചി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്നലെ ആവേശം പകർന്നു. സെൻസെക്സ് 584.81 പോയിന്റ് കുതിപ്പോടെ 81,634.81ൽ എത്തി. നിഫ്‌റ്റി 217.14 പോയിന്റ് നേട്ടവുമായി 25,013ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും ഇന്നലെ മികച്ച മുന്നേറ്റമുണ്ടായി. ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ 7.5 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ട്. പൊതുമേഖല കമ്പനികളുടെ ഓഹരി വിലയിലാണ് വലിയ മുന്നേറ്റമുണ്ടായത്. വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് മറികടന്ന് ആഭ്യന്തര ഫണ്ടുകൾ വിപണിയിൽ പണമൊഴുക്കിയതാണ് ഗുണമായത്. അഞ്ച് ദിവസത്തെ കനത്ത തകർച്ചയ്ക്ക് ശേഷമാണ് വിപണി നേട്ട പാതയിലെത്തിയത്.