h

സിയോൾ: ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവർത്തിക്കുന്നതെന്നും വിദ്വേഷം പടർത്താൻ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി. മുൻപ് പലതവണ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന് കിം പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ മുന്നറിയിപ്പ് നവംബറിൽ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കിം ജോംഗ് ഉൻ യൂണിവേഴ്സിറ്റി ഒഫ് നാഷണൽ ഡിഫൻസിൽ നടത്തിയ പ്രസംഗത്തിലാണ് ആണവായുധപ്രയോഗത്തെ കുറിച്ച് പരാമർശിച്ചത്.

ശത്രുക്കൾ ഉത്തര കൊറിയക്കെതിരേ സൈനികാക്രമണം നടത്തിയാൽ മുഴുവൻ ആക്രമണശേഷിയും പ്രയോഗിച്ച് പ്രതിരോധിക്കുമെന്ന് കിം പറഞ്ഞു. ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്നും കിം വ്യക്തമാക്കി.

ദക്ഷിണ കൊറിയയും അമേരിക്കയും ജൂലായിൽ പുതിയ കരാറിൽ ഒപ്പുവച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവായുധഭീഷണിയെ നേരിടാനുള്ള പദ്ധതികൾക്കായുള്ള കരാറാണിതെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയുടെ പക്കൽ ആണവായുധമില്ല. ഉത്തര കൊറിയ നടത്തുന്ന ആണവായുധ പരീക്ഷണങ്ങളും മറ്റും കൊറിയൻ ഉപഭൂഖണ്ഡത്തിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. മാത്രമല്ല,യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയമായതിനാൽ ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് പ്രതികൂലമായ നീക്കം ഉണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

പ്രിയപ്പെട്ട നേതാവ് പുട്ടിൻ

അതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ തന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവാണെന്ന് കിം. പുടിന്റെ പിറന്നാൾ ദിനത്തിൽ കിം അയച്ച സന്ദേശത്തിലാണ് വിശേഷണം. തിങ്കളാഴ്ച വ്ളാഡിമർ പുടിന്റെ 72-ാം ജന്മദിനമായിരുന്നു. നമുക്കിടയിലുള്ള കൂടിക്കാഴ്ചകളും സാഹോദര്യവും ഡി.പി.ആർ.കെ-റഷ്യ സൗഹൃദത്തിന്റെ അടിത്തറ കൂടുതൽ ഉറപ്പിക്കുന്നതിന് കാരണമാകുമെന്നും കിം കൂട്ടിച്ചേർത്തു. ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. സ്റ്റാലിനും കിമ്മിന്റെ മുത്തച്ഛനായ കിം ഇൽ-സംഗും ആയുധങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് പിന്തുണച്ചിരുന്നുവെന്നും പിറന്നാൾ സന്ദേശത്തിൽ കിം കുറിച്ചു. ഏതെങ്കിലും രാജ്യത്തിനെതിരെ ആക്രമണം ഉണ്ടായാൽ പരസ്പരം സഹായിക്കുമെന്നുള്ള കരാറിൽ പുടിനും കിമ്മും ഒപ്പു വച്ചിരുന്നു.