tata

മുംബയ്: ഇന്ത്യയില്‍ ഇ.വി എന്നാല്‍ അത് ടാറ്റയാണ്. ടാറ്റ കര്‍വ് ഇ.വിക്ക് ശേഷം ഇന്ത്യയില്‍ അടുത്ത വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ടാറ്റ ഹാരിയറിന്റെ ഇ.വി മോഡല്‍ 2025ല്‍ തന്നെ നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു മൊബിലിറ്റി ഷോയില്‍ പ്രീപ്രൊഡക്ഷന്‍ രൂപത്തില്‍ അവതരിപ്പിച്ചിരുന്നു. ചില മോഡലുകളും പിന്നീട് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വാഹനത്തിന്റെ ഇന്റീരിയര്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ടാറ്റയുടെ ആക്ടി ഡോട്ട് ഇവി ആര്‍ക്കിടെക്ചറിലാണ് ടാറ്റ ഹാരിയര്‍ ഇവി നിര്‍മ്മിച്ചിരിക്കുന്നത്. നൂതന ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്ന സെല്ലുകളുള്ള ഒപ്റ്റിമൈസ് ചെയ്ത ബാറ്ററി പായ്ക്ക് ഡിസൈന്‍ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ടാറ്റ പഞ്ച് ഇവിയിലൂടെയാണ് ആക്ടി ഡോട്ട് ഇവി ആര്‍ക്കിടെക്ചര്‍ അരങ്ങേറ്റം കുറിച്ചത്. വാഹനത്തിന്റെ ഫീച്ചറുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

60 കിലോവാട്ട് ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ കാര്‍ ഫുള്‍ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഇലക്ട്രിക് എസ്യുവിയില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഓരോ ആക്സിലിലും ഓരോന്നു വീതം. അത് എഡബ്ല്യുഡി (ഓള്‍-വീല്‍ ഡ്രൈവ്) കോണ്‍ഫിഗറേഷന്‍ നല്‍കുന്നു.


അതേസമയം, ടാറ്റ മോട്ടോഴ്സിന്റെ പഞ്ചിന്റെ പ്രത്യേക, പരിമിതകാല കാമോ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. വൈറ്റ് റൂഫ്, ആര്‍16 ചാര്‍ക്കോള്‍ ഗ്രേ അലോയ് വീലുകള്‍, സി.എ.എം.ഒ തീം പാറ്റേണുകളില്‍ പ്രീമിയം അപ്ഹോള്‍സ്റ്ററി എന്നിവയ്ക്കൊപ്പം പുതിയ സീവീഡ് ഗ്രീന്‍ നിറത്തിലും ലഭിക്കും.വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയുമുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റെ് സിസ്റ്റവും അവതരിപ്പിക്കുന്നു.

വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എ.സി വെന്റുകള്‍, വേഗതയേറിയ സി ടൈപ്പ് യു.എസ്.ബി ചാര്‍ജര്‍, ആംറെസ്റ്റോടുകൂടിയ ഗ്രാന്‍ഡ് കണ്‍സോള്‍ എന്നീ സൗകര്യങ്ങ്യും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.8,44,900 ലക്ഷം രൂപയാണ് എക്സ്ഷോറൂം പ്രാരംഭ വില. ടാറ്റ മോട്ടോഴ്സിന്റെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം.