madyam

തൃശൂർ: സ്വകാര്യ ടൂറിസ്റ്റ് ഹോമിന്റെ മറവിൽ വിൽപ്പന നടത്താൻ ശ്രമിച്ച 33.5 ലിറ്റർ വ്യാജമദ്യ ശേഖരം പിടിച്ചെടുത്തു. 20 വർഷമായി ടൂറിസ്റ്റ് ഹോമിൽ റൂം ബോയിയായി സേവനമനുഷ്ഠിച്ചിരുന്ന ആലത്തൂർ കാവശ്ശേരി സ്വദേശി പ്രദീപിനെ (42) എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി.
തൃശൂർ സ്വരാജ് റൗണ്ടിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ മദ്യം സംഭരിച്ചതായി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.ടി.ജോബിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.

22.5 ലിറ്റർ പോണ്ടിച്ചേരി നിർമ്മിത വ്യാജമദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമാണ് പിടിച്ചെടുത്തത്. അന്യസംസ്ഥാന തൊഴിലാളികളായ തുണി കച്ചവടക്കാർ മാഹിയിൽ നിന്നും പുതുച്ചേരിയിൽ നിന്നും തുണികൾക്കിടയിൽ ഒളിപ്പിച്ചു കടത്തി കൊണ്ടുവന്ന മുന്തിയ ഇനം മദ്യമാണ് വ്യാപകമായ തോതിൽ സംഭരിച്ചിരുന്നത്.

ലോഡ്ജിലെ ആവശ്യക്കാർക്ക് അമിത ലാഭത്തിൽ നൽകുകയായിരുന്നു. പ്രതിക്കെതിരെ എക്‌സൈസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഏറെനാളായി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. 63 കുപ്പികളിൽ 41 കുപ്പിയും വ്യാജമദ്യമായിരുന്നു.

പോണ്ടിച്ചേരി നിർമ്മിതമായ വ്യാജമദ്യം സംഭരിച്ച് വിൽപ്പന നടത്തുന്നതിന് സഹായിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

വ്യാജമദ്യ ശൃംഖലയെ കുറിച്ച് വിവരം ലഭിച്ചതായും തുടരന്വേഷണം നടന്നുവരുന്നതായും അസി. എക്‌സൈസ് കമ്മിഷണർ എൻഫോഴ്‌സ്‌മെന്റ് എച്ച്.നൂറുദ്ദീൻ അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.സുദർശന കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സോണി കെ.ദേവസി, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) കെ.വി.ഷാജി, ഡ്രൈവർ സംഗീത് എന്നിവരുണ്ടായിരുന്നു.