
പീരുമേട്: കടന്നലിന്റെ ആക്രമണത്തിൽ ഇന്നലെ മൂന്ന് പേർക്ക് പരിക്ക് പറ്റി. ഒരാഴ്ച്ചക്കുള്ളിൽ കടന്നലിന്റ ആക്രമണത്തിൽ ഇതുവരെ പതിനഞ്ചു പേർക്ക് പരിക്ക് പറ്റി. തങ്കമല എസ്റ്റേറ്റിലെ മൂന്നു തൊഴിലാളികൾക്കാണ് കടന്നലിന്റെ ആക്രമണത്തിൽ ഇന്നലെ പരിക്കേറ്റത്.എസ്റ്റേറ്റ് തൊഴിലാളിയായ സുരേന്ദ്രൻ (66),മാരിമുത്ത് (29), പരമൻ (65 ), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
തങ്കമല എസ്റ്റേറ്റിലെ തേയില തോട്ടത്തിൽ കാട്ട് വെട്ടി തെളിക്കുന്നതിനിടെ തേയിലക്കുള്ളിൽ നിന്നുള്ള കടന്നൽക്കൂട്ടങ്ങൾ ഇളകി ഇവരെ ആക്രമിക്കുകയായിരുന്നു.അപ്പോൾ അവിടെ പതിനെട്ടോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. കടന്നൽ കൂട്ടം ഇളകിതോടെ കൂടെയുണ്ടായിരുന്ന തൊഴിലാളികളിൽ ഒരാൾ കൈയിൽ ഉണ്ടായിരുന്ന തുണി കത്തിച്ച് വീശിയതിനാൽ കൂടതൽ പേർ കടന്നലിന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടു.
വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശത്തായി തേയില ഏലം തോട്ടം മേഖലകളിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്ക് വന്യമൃഗങ്ങൾക്കൊപ്പം കടന്നൽക്കൂട്ടവും ഭീഷണി ആയിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടയിൽ മൂന്ന് പ്രാവിശ്യങ്ങളായി പതിനഞ്ചോളം തൊഴിലാളികൾക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. എസ്റ്റേറ്റ് മേഖലകളിൽ കടന്നൽ ശല്യം രൂക്ഷമായിരിക്കയാണ്. .