
തൊടുപുഴ: തുടര്‍ച്ചയായി ഭേദപ്പെട്ട വില ലഭിച്ചു തുടങ്ങിയതോടെ ജില്ലയുടെ ലോറേഞ്ച് മേഖലകളില്‍ പൈനാപ്പിള്‍ കൃഷി വ്യാപിക്കുന്നു. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന റബര്‍ മരം വെട്ടി കന്നാര നട്ടവര്‍ നിരവധിയാണ്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഏക്കറിന് 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ശരാശരി പാട്ടത്തുക. ഒരു ചെടി കായ്ക്കുന്നത് വരെ 35- 40 രൂപവരെ കര്‍ഷകന് മുടക്ക് വരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം അഞ്ചു മുതല്‍ ഒമ്പതു രൂപയ്ക്ക് വരെ ലഭിച്ച വിത്തിന് ഇപ്പോള്‍ 15 രൂപയായിട്ടുണ്ട്. വേനല്‍ക്കാല സംരക്ഷണ ചെലവ് വേറെ. ഇത്തരത്തില്‍ മരുന്നും വളവും നനയുമായി ലക്ഷങ്ങളാണ് കര്‍ഷകര്‍ക്ക് ചെലവ്. പച്ച ചക്കയ്ക്ക് 35ഉം പഴുത്ത ചക്കയ്ക്ക് 40ഉം രൂപയെങ്കിലും കിട്ടിയാലേ കൃഷി ലാഭകരമാകൂ. കഴിഞ്ഞയാഴ്ച പൈനാപ്പിള്‍ പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരുന്നു. ഇപ്പോള്‍ പച്ചയ്ക്ക് 52 രൂപയും പഴത്തിന് 57 രൂപയും ലഭിക്കുന്നുണ്ട്.
ഉത്പാദനം കുറഞ്ഞതും ഉത്തരേന്ത്യന്‍ വിപണികളില്‍ ഡിമാന്‍ഡ് കൂടിയുമാണ് വില കൂടാന്‍ കാരണം. ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി പൈനാപ്പിളിന് വേണ്ടിയുള്ള അന്വേഷണം കൂടിയതാണ് വിപണിയില്‍ ഉത്സാഹം തീര്‍ത്തത്. കഴിഞ്ഞ വേനലിലെ വരള്‍ച്ചയില്‍ നിന്ന് ഇനിയും പൈനാപ്പിള്‍ കൃഷി കരകയറിയിട്ടില്ല. വേനല്‍ കനത്തതും കാലാവസ്ഥാ വ്യതിയാനവും മൂലം ഉത്പാദനത്തില്‍ 30- 40 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഉണക്ക് ബാധിച്ച മേഖലകളിലെല്ലാം ഇപ്പോഴും ഉത്പാദനം കുറവാണ്. ഉത്പാദനം സാധാരണ നിലയിലാകാന്‍ ഇനിയും ഒരു മാസം കൂടിയെടുക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
4 ഗ്രേഡുകള്‍
എ, ബി, സി, ഡി എന്നിങ്ങനെ നാല് ഗ്രേഡായി തിരിച്ചാണ് കൈതച്ചക്ക വിപണനം. ഒരു കിലോയ്ക്ക് മുകളിലുള്ള ചക്കകളാണ് എ ഗ്രേഡായി പരിഗണിക്കുന്നത്. 600 ഗ്രാം മുതല്‍ ഒരു കിലോവരെയുള്ളവ ബി ഗ്രേഡും അതിന് താഴെയുള്ളവ സി, ഡി ഗ്രേഡുകളുമായാണ് പരിഗണിക്കുക.
ഭൗമസൂചിക പദവി ലഭിച്ച പഴം
കേരളത്തിലെ പൈനാപ്പിള്‍ സിറ്റി എന്നു വിശേഷിപ്പിക്കപ്പെടുന്ന വാഴക്കുളമാണ് പൈനാപ്പിളിന്റെ പ്രധാന വിപണന കേന്ദ്രം. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലെ 132 ലധികം പഞ്ചായത്തുകളിലാണ് വാഴക്കുളം ലേബലില്‍ പൈനാപ്പിള്‍ കൃഷി നടക്കുന്നത്. ഭൗമസൂചിക പദവി ലഭിച്ച ഒരു ഉത്പന്നവുമാണിത്. ഇവിടങ്ങളില്‍ വിളയുന്ന പൈനാപ്പിളിന്റെ പ്രത്യേക ഗന്ധവും രുചിയും വലിപ്പവുമൊക്കെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.