marry-her-maid-of-honour

തിരുവനന്തപുരം: 25 കോടി രൂപയുടെ തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കൊടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. ഇന്നലെ വെെകിട്ട് നാലുവരെ വിറ്റത് 72 ലക്ഷത്തോളം ടിക്കറ്റുകളാണ്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇപ്പോഴിതാ ഭാഗ്യശാലിയാകുന്ന വ്യക്തി ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയുകയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ. ലഭിക്കുന്ന പണം ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ദീർഘകാലം അവ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എങ്ങനെ പണം ശരിയായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഒരു പരിശീലനം ഞങ്ങൾ നടത്തുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ഭാഗ്യക്കുറി ലഭിച്ചവരെ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. ഭാഗ്യശാലിയുടെ കെെയിൽ നിന്ന് സംസ്ഥാന സർക്കാർ നികുതി വാങ്ങുന്നില്ല. സമ്മാനം തുക നൽകുന്നതിന് ആദായ നികുതി നൽകണം. പിന്നെ ഏജന്റിനുള്ള സമ്മാനവും ഭാഗ്യവാന്റെ തുകയിൽ നിന്നാണ് കൊടുക്കുന്നത്. അത് കുറച്ച് ബാക്കിയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.

സമ്മാന തുകയുടെ 10 ശതമാനമാണ് ഏജന്റിന് നൽകുക. ഭാഗ്യവാന് എങ്ങനെ പണം സേവ് ചെയ്യാം അങ്ങനെയുള്ള വിവിധ വശങ്ങൾ പരിശീലന പദ്ധതിയിൽ പറഞ്ഞു കൊടുക്കുന്നുണ്ട്. ഇതിന് പരിശീലനം ലഭിച്ച മുതിർന്ന ആളുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം ഭാഗ്യശാലികൾ പണം ചെലവഴിക്കാൻ. കരുതലും ജാഗ്രതയും ആവശ്യമാണ്',- എബ്രഹാം റെൻ പറഞ്ഞു.

ഗോർഖിഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് കെഎൻ ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎൽഎയും നിർവഹിക്കും.

അതേസമയം, അടുത്ത കാലത്തായി ബമ്പർ സമ്മാന വിജയികൾ പൊതുമദ്ധ്യത്തിൽ വരുന്നത് കുറവായിരുന്നു. 2022ൽ ഓണം ബമ്പറിന്റെ 25 കോടി നേടിയ തിരുവനന്തപുരം സ്വദേശി അനൂപിനുണ്ടായ ദുരനുഭവമാണ് ബമ്പർ വിജയികൾ പുറത്തുവരാത്തതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തവണത്തെ വിജയി പുറത്തുവരുമോ എന്നത് സംശയമാണ്.