
ലോകത്തിലെ ഏറ്റവും മികച്ച 40 ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ പൗരൻ, അതും ഒരു വനിത, ചരിത്രനേട്ടത്തിന് അർഹയായി നാഗാലാൻഡിലെ ഐപിഎസ് ഓഫീസർ. ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് ചീഫ്‌സ് ഒഫ് പൊലീസിന്റെ (ഐഎസിപി) 2024ലെ പുരസ്‌കാരത്തിനാണ് ഐപിഎസ് ഓഫീസർ പ്രിത്‌പാൽ കൗർ അർഹയായിരിക്കുന്നത്. 40 വയസിന് താഴെയുള്ള 40 ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് പുരസ്‌കാരത്തിന് അർഹത നേടുന്നത്.
ഡെന്റൽ ഡോക്‌ടറിൽ നിന്ന് ഐപിഎസ് ഓഫീസർ പദവിയിലെത്തിയ 39കാരിയായ പ്രിത്‌പാൽ നിലവിൽ നാഗാലാൻഡിലെ ഫേക് ജില്ലയുടെ എസ് പിയായി സേവനമനുഷ്ഠിക്കുകയാണ്. അസാധാരണ കഴിവുകളുളള, നേതൃപാടവമുള്ള, തൊഴിലിൽ ആഴത്തിലുള്ള ആത്മാർത്ഥയുള്ള ഒരു കൂട്ടം ആളുകളിൽ ഒരാളായി മാറിയിരിക്കുകയാണ് പ്രിത്‌പാൽ എന്നാണ് ഐഎസിപി വിശേഷിപ്പിച്ചത്.
പ്രിത്‌പാലിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതികളായ 'വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും മയക്കുമരുന്നിനെതിരായി പോരാട്ടം', 'തോക്കല്ല, യന്ത്രം' എന്നിവ ദേശീയതലത്തിൽ ശ്രദ്ധനേടിയിരുന്നു.
2016 ബാച്ച് ഐപിഎസ് ഓഫീസറായ പ്രിത്‌പാലിന്റെ സ്വദേശം ഹരിയാനയാണ്. ഡെന്റിസ്റ്റായിരിക്കെ ഗ്രാമപ്രദേശങ്ങളിൽ പൊലീസുമായി ചേർന്ന് പ്രവർത്തിച്ചതാണ് സിവിൽ സർവീസ് പരീക്ഷയെഴുതാൻ പ്രചോദനമായത്. പ്രിത്‌പാലിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളും കയ്യടി നേടാറുണ്ട്. ദന്തപ്രശ്‌നങ്ങൾ ഉള്ളവർക്ക് സൗജന്യമായി ചികിത്സ നൽകുക, മയക്കുമരുന്നിന് അടിമയായവർക്ക് കൗൺസിലിംഗ് നൽകുക, സിവിൽ സർവീസ് പോലുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ക്ളാസുകൾ നൽകുക, കർഷകർക്ക് ആധുനിക യന്ത്ര നിർമാണങ്ങളിൽ പരിശീലനങ്ങൾ ഏർപ്പെടുത്തുക, പുതിയ സംരംഭങ്ങൾക്ക് പ്രചോദനം നൽകുക, വ്യക്തിശുചിത്വത്തിൽ ഗ്രാമീണ സ്ത്രീകൾക്ക് അവബോധം നൽകുക എന്നിവയും പ്രിത്‌പാലിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
നിരവധി പ്രശസ്തമായ പുരസ്‌കാരങ്ങളും പ്രിത്‌പാലിനെ തേടിയെത്തിയിരുന്നു. 2023ലെ ഇന്റർനാഷണൽ ഇൻസ്‌പിരേഷണൽ വിമൺ അവാർഡ്, 2023ലെ ദി സ്‌കോച്ച് ഗോൾഡ് അവാർഡ്, ഡിജിപി ഡിസ്‌ക് അവാർഡ്, 2023ലെ വിമൺ പവർ ഇന്ത്യ അവാർഡ്, 2024ലെ ഗ്ളോബൽ വിമൺ ലീഡർ അവാർഡ് എന്നിവയ്ക്കാണ് പ്രിത്‌പാൽ അർഹയായത്.
ഇതിന് പുറമെ വലിയൊരു അഭിമാന പദവിയും പ്രിത്‌പാലിന് നൽകപ്പെട്ടു. കിഴക്കൻ നാഗാലാൻഡിൽ, പ്രാദേശിക ഗോത്രവർഗ്ഗക്കാർ പ്രിത്‌പാലിന് സ്നേഹപൂർവ്വം "തെംഷാവോ ലാം" എന്ന പേര് നൽകിയിരുന്നു. തന്റെ ഗോത്രത്തെ സംരക്ഷിക്കുന്നതിനായി ഒരു മുത്തശ്ശി ചെയ്ത ത്യാഗപ്രവർത്തികളുടെ സ്മരണയ്ക്കായാണ് അവരുടെ പേര് പ്രിത്‌പാലിന് ആദരപൂർവം നൽകിയത്. ഈ മാസം 22ന് ബോസ്റ്റണിൽ നടക്കുന്ന ചടങ്ങിലായിരിക്കും ഐഎസിപി പ്രിത്‌പാലിന് പുരസ്‌കാരം നൽകി ആദരിക്കുക.