
കൊല്ലം: അർദ്ധരാത്രിയിൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ സി.വി.മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പോളിഷ് ചെയ്ത് വിൽക്കാനായി സംഭരിച്ച 175 ചാക്ക് റേഷനരി പിടിച്ചെടുത്തു.
ചെക്ക്പോസ്റ്റിന് സമീപം താമസിക്കുന്ന തോമസ് എന്നയാളുടെ കട, വീട്, തൊട്ടടുത്തുള്ള ഷെഡ് എന്നിവിടങ്ങളിൽ സൂക്ഷിച്ചിരുന്ന റേഷനരിയാണ് പിടിച്ചെടുത്തത്. തമിഴ്നാട്, ജില്ലയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച റേഷനരിയാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടിൽ നിന്ന് കാലിത്തീറ്റ എന്ന പേരിൽ അതിർത്തിയിൽ വ്യാജ ബില്ല് കാണിച്ചാണ് റേഷനരി കടത്തിക്കൊണ്ടുവരുന്നത്.
ഇതിന് പുറമേ ജില്ലയുടെ കിഴക്കൻ മേഖലയിലെ റേഷൻ ഗുണഭോക്താക്കളിൽ നിന്ന് കുത്തരി കൂടുതൽ വില നൽകി ശേഖരിച്ചുമാണ് ഇവിടെ സംഭരിച്ചിരുന്നത്. തുടർന്ന് തിരുവനന്തപുരം, കാട്ടാക്കട എന്നിവിടങ്ങളിലെ മില്ലുകളിൽ എത്തിച്ച് പോളിഷ് ചെയ്ത് കൂടിയ വിലയ്ക്ക് വിൽക്കുന്നതാണ് രീതി. പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് രംഗത്തില്ലാത്ത അർദ്ധരാത്രി മുതൽ പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് ഇവർ അരി ശേഖരിക്കുകയും കടത്തുകയും ചെയ്തിരുന്നത്.
മാഫിയ സംഘത്തിന്റെ പ്രവർത്തനരീതി സഹിതം പൊതുവിതരണ വകുപ്പ് മന്ത്രിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മിഷണറാണ് പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. വിവരം ചോർന്ന് അരി മാറ്റാതിരിക്കാൻ അർദ്ധരാത്രി തന്നെ പരിശോധനയ്ക്കായി തിരഞ്ഞെടുക്കുകയായിരുന്നു.
ജില്ലാ സപ്ലൈ ഓഫീസർ എസ്.ഒ.ബിന്ദു, അടൂർ താലൂക്ക് സപ്ലൈ ഓഫീസർ രാജീവ്, അസി. താലൂക്ക് സപ്ലൈ ഓഫീസർ കെ.എസ്.ബിനി, റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ്.ഉല്ലാസ്, സഞ്ജു ലോറൻസ്, പ്രദീപ് തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത അരി ഭക്ഷ്യസുരക്ഷാ ഗോഡൗണിലേക്ക് മാറ്റി. കളക്ടർക്ക് റിപ്പോർട്ടും സമർപ്പിച്ചു. ആര്യങ്കാവിലെ മറ്റ് രണ്ടിടങ്ങളിൽക്കൂടി രാത്രിയിൽ പരിശോധന നടന്നെങ്കിലും അവിടെ നിന്ന് ഒന്നും കണ്ടെത്താനായില്ല.