
ലോട്ടറിയടിക്കുന്നവർ ഭാഗ്യവാന്മാരാണെന്നാണ് പൊതുവേ ഉള്ള ധാരണ. പ്രത്യേകിച്ച് ബമ്പർ ലോട്ടറികൾ അടിച്ചുകഴിഞ്ഞാൽ കോടീശ്വരന്മാരായ ഇവർ ആഡംബര ജീവിതം നയിക്കുന്നവരാകും എന്നാണ് പലരും കരുതുന്നത്. പക്ഷേ, പലപ്പോഴും അവസ്ഥ വ്യത്യസ്ഥമാണ്.
ആറ് വർഷം മുമ്പ് പത്ത് കോടി രൂപ ഓണം ബമ്പറടിച്ച ഭാഗ്യശാലിയെ കുറിച്ചുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഏതാണ് ഒരു വർഷം മുമ്പ് ദൈനംദിന ചെലവിനായി വീടിന്റെ ജനലും വാതിലും കട്ടളയും എസിയുമെല്ലാം അഴിച്ച് വിൽക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ കാലത്ത് ഏറ്റവും വലിയ സമ്മാനത്തുകയായ പത്ത് കോടിക്ക് പുറമേ 25 ലക്ഷം, അഞ്ച് ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ ഒട്ടേറെ സമ്മാനങ്ങൾ മലപ്പുറം സ്വദേശിയായ അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ദുരിതങ്ങൾക്കിടയിൽ അന്ന് അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്:
'ഞാൻ പണമൊന്നും നശിപ്പിച്ച് കളഞ്ഞിട്ടില്ല. മക്കൾക്കും മരുമക്കൾക്കും വീതിച്ച് കൊടുത്തതാണ്. എല്ലാം അവരെടുത്തു. ആറ് മുറിയുണ്ട്, അതിലെല്ലാം എസിയുണ്ടായിരുന്നു. എല്ലാ സൗകര്യങ്ങളും വീട്ടിൽ ഉണ്ടായിരുന്നു. പണമെല്ലാം തീർന്നപ്പോൾ കട്ടള ഉൾപ്പെടെ എല്ലാം ഇളക്കി വിൽക്കേണ്ടി വന്നു. പല തവണയായി ആറ് ലോട്ടറിയടിച്ചിരുന്നു. അന്ന് ഭാര്യയും മക്കളുമെല്ലാം ഉണ്ടായിരുന്നു. പണം എല്ലാം തീർന്നപ്പോൾ അവർ ഉപേക്ഷിച്ച് പോയി. ലോട്ടറിയടിച്ചപ്പോൾ പലരും കച്ചവടങ്ങളെ പറ്റി പറഞ്ഞു. അങ്ങനെ ചെയ്‌തും കുറച്ച് പണം പോയി. പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് പലരും സമീപിച്ചെങ്കിലും അങ്ങനെ ഒരു ആഗ്രഹമില്ലാത്തതിനാൽ കൊടുത്തില്ല. '