
കന്നഡ സിനിമയിലൂടെ എത്തി രാജ്യം മുഴുവൻ ആരാധകരെ ഉണ്ടാക്കിയ താരമാണ് രശ്‌മിക മന്ദാന. സമൂഹ മാദ്ധ്യമങ്ങളിൽ 44 ദശലക്ഷത്തിലധികം ആരാധകരുള്ള താരത്തിന്റെ മിക്ക പോസ്റ്റുകളും ശ്രദ്ധനേടാറുണ്ട്. ഇടയ്‌ക്കിടെ ഇഷ്‌ടമുള്ള ഭക്ഷണങ്ങൾ ആസ്വദിച്ച് കഴിക്കുന്നതിന്റെ ചിത്രങ്ങളും രശ്‌മിക പങ്കുവയ്‌ക്കാറുണ്ട്. കൊച്ചിയിലെ ഭക്ഷണശാലയിൽ നിന്ന് നടി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.
അടുത്തിടെ രശ്‌മിക കുറച്ച് ദിവസം കൊച്ചിയിൽ താമസിച്ചിരുന്നു. അന്ന് കഴിച്ച ഭക്ഷണത്തിന്റെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'ഞാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയിലായിരുന്നു. അപ്പോഴാണ് ഞാൻ frenchtoastindia എന്ന ഈ സ്ഥലത്തേക്ക് പോയത്. അവിടുത്തെ ഫ്രഞ്ച് ടോസ്റ്റ് ഉഗ്രനാണ്, ഒപ്പം കോഫിയും. കോഫി വളരെ സ്‌ട്രോംഗായിരുന്നു. എന്നെപ്പോലെ സ്‌ട്രോംഗ് കോഫി ഇഷ്‌ടമല്ലെങ്കിൽ നിങ്ങൾ 20 മില്ലി എസ്‌പ്രസോ കാപ്പിച്ചീനോ ഓർഡർ ചെയ്‌താൽ മതി. മനോഹരമായ സ്ഥലം, നല്ല ഭക്ഷണം, നല്ല ആളുകൾ. എന്റെ യാത്രകളിൽ കാണുന്നതും ഇഷ്‌ടപ്പെടുന്നതുമായ ഭക്ഷണത്തെ കുറിച്ചാണ് പോസ്റ്റ് ചെയ്യുന്നത്. ഈ നഗരത്തിൽ താമസിക്കുന്നവരാണെങ്കിൽ നിങ്ങൾക്കും ഈ രുചി പരീക്ഷിക്കാവുന്നതാണ് ', രശ്‌മിക കുറിച്ചു.
കന്നഡ ചിത്രം കിരിക്ക്‌പാർട്ടിയിലൂടെയാണ് രശ്‌മികയുടെ സിനിമാപ്രവേശം. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രത്തിലൂടെയാണ് സൗത്ത് ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ശ്രദ്ധേയ ആയത്. ബോളിവുഡ് ചിത്രം 'അനിമൽ' ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.