apple

വൃദ്ധയുടെ ജീവൻ രക്ഷിച്ച് പുതുപുത്തൻ ആപ്പിൾ വാച്ച്. ക്രമരഹിതമായ ഹൃദയമിടിപ്പിന്റെ പ്രശ്‌നമുണ്ടായിരുന്ന തന്റെ മുത്തശ്ശിയുടെ ജീവൻ കൃത്യസമയത്ത് ആപ്പിൾ വാച്ച് സീരീസ് 10 കാരണം രക്ഷപ്പെട്ട സംഭവമാണ് നിരിയാസ് മൊളീന എന്ന യുവാവ് എക്‌സിലൂടെ പങ്കുവച്ചിരിക്കുന്നത്. ആപ്പിൾ വാച്ചിന്റെ ആരോഗ്യസംരക്ഷണത്തിനുള്ള ഫീച്ചറുകൾ പണ്ടേ പ്രശസ്‌തമാണ്. ഇതിനിടെയാണ് പുതിയ വാച്ചിലെ ഫീച്ചറിലൂടെ മുത്തശ്ശിയുടെ ജീവൻ രക്ഷപ്പെട്ട വിവരം യുവാവ് അറിയിച്ചത്.

ഏട്രിയൽ ഫൈബ്രിലേഷൻ അഥവാ ഹൃദയത്തിന്റെ മുകൾ ഭാഗത്തെ അറയിൽ ഹൃദയമിടിപ്പിലുണ്ടാകുന്ന ക്രമം തെറ്റലാണ് മുത്തശ്ശിക്ക് പ്രശ്‌നമായത്. നിരിയാസിന്റെ വാച്ച് മുത്തശ്ശി കെട്ടിയതും ആപ്പിൾ വാച്ചിലെ ഇസിജി സംവിധാനം രോഗാവസ്ഥയെ കുറിച്ച് ഉടൻ സന്ദേശം നൽകി. ഈ സന്ദേശത്തിന്റെ ചിത്രവും നിരിയാസ് പങ്കുവച്ചിട്ടുണ്ട്.

'എന്റെ ആപ്പിൾ സീരിസ് 10 വാച്ച് ഉപയോഗിച്ച് മുത്തശ്ശിയുടെ ഹൃദയ തകരാറ് കണ്ടെത്തി. എനിക്കിപ്പോഴും ഇത് വിശ്വസിക്കാൻ വയ്യ. ഇപ്പോൾ മുത്തശ്ശി ആശുപത്രിയിലാണ്. അവിടെ മതിതായ ചികിത്സ ലഭിക്കുന്നുണ്ട്.' നിരിയാസ് എക്‌സിൽ കുറിച്ചു. വളരെ പെട്ടെന്നുതന്നെ പോസ്റ്റിന് 2.2 മില്യൺ വ്യൂസ് ലഭിച്ചു. ചിലർ തങ്ങളുടെ അനുഭവം പങ്കുവയ്‌ക്കുകയും ചെയ്‌തു.

അപകടത്തിൽ പെട്ടവരെപ്പോലും വാച്ച് രക്ഷിച്ച സംഭവം ഒരാൾ പോസ്റ്റിൽ കമന്റ് ചെയ്‌തു. ഒരിക്കൽ എന്റെ സുഹൃത്ത് വീട്ടിലേക്ക് മടങ്ങിവരും വഴി അപകടത്തിൽ പെട്ട് കാർ മറിഞ്ഞു. ഫോൺ ഉടനെ അയാളുടെ അമ്മയെയും സഹോദരിയെയും 911 ഫോൺനമ്പരിൽ രക്ഷാ പ്രവ‌ർത്തനത്തിന് എത്തേണ്ട പൊലീസിനെയും അറിയിച്ചു.