baby

ന്യൂഡൽഹി: നാല് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മരിച്ചുപോയ മകന്റെ ബീജം ഉപയോഗിച്ച് കുഞ്ഞിനെ പ്രസവിക്കാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. രക്താർബുദത്തെ തുടർന്ന് 30-ാം വയസിൽ മരിച്ച പ്രീത് ഇന്ദർ സിംഗിന്റെ കുഞ്ഞിന് ജന്മം നൽകാനാണ് മാതാവായ ഹർബീർ കൗറിന് അനുമതി ലഭിച്ചത്.

2020 സെപ്‌തംബറിലാണ് രക്താർബുദത്തിന്റെ വകഭേദമായ നോൺ -ഹോഡ്‌കിൻസ് ലിംഫോമയെ തുടര്‍ന്ന് അവിവാഹിതനായ പ്രീത് മരിക്കുന്നത്. മരണാനന്തരം പ്രീതിന്റെ ബീജം ഗംഗാ റാം ആശുപത്രിയിലെ ഫെർട്ടിലിറ്റി ലാബിൽ സൂക്ഷിച്ചു. ഈ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാനാണ് കോടതി അനുമതി നൽകിയത്.

'ഞങ്ങൾക്ക് മകനെ നഷ്‌ടപ്പെട്ടു. കോടതി ഇപ്പോൾ നൽകിയ അനുമതി ഞങ്ങൾക്ക് വളരെ വലിയ സമ്മാനമാണ്. ഇതിലൂടെ ഞങ്ങളുടെ മകനെ തിരികെ നേടാൻ സാധിക്കും', കോടതി വിധിയിൽ പ്രതികരിച്ചുകൊണ്ട് പ്രീതിന്റെ മാതാവ് ഹർബീർ കൗർ പറഞ്ഞു.

ചികിത്സയുടെ ഭാഗമായ കീമോ തെറാപ്പി ആരംഭിച്ചാൽ അത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ, അതിന് മുമ്പ് ബീജം സൂക്ഷിക്കാൻ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. പ്രീതും ഇതിന് സമ്മതിച്ചു. തുടർന്ന് 2020 ജൂൺ 27ന് ബീജം ശേഖരിച്ച് സൂക്ഷിച്ചു. പിന്നീട് മകന മരിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഗുർവീന്ദർ സിംഗും ഭാര്യ ഹർബീർ കൗറും മകന്റെ ബീജത്തിനായി ഗംഗാ റാം ആശുപത്രിയിലെത്തിയെങ്കിലും ബീജം കൈമാറാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് ബീജം വിട്ട് കിട്ടാന്‍ ഇരുവരും ഡൽഹി ഹൈക്കോടതിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മകന്റെ ബീജ സാമ്പിൾ ഉപയോഗിച്ച് ജനിക്കുന്ന കുട്ടിയെ വളർത്തുമെന്ന് അറുപതുകളിലുള്ള ദമ്പതികൾ കോടതിയെ അറിയിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും മരണ ശേഷം കുട്ടിയുടെ പൂർണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുമെന്ന് അവരുടെ രണ്ട് പെൺമക്കളും കോടതിയിൽ ഉറപ്പ് നൽകി.

പക്ഷേ, കേസ് നീണ്ടത് വാടക ഗർഭപാത്രം കിട്ടാത്തതിനാലാണെന്ന് കുടുംബം പറഞ്ഞു. 2018ലും 2019ലും സമാനമായ കേസുകളില്‍ മരിച്ച് പോയ മക്കളുടെ ബീജം ഉപയോഗിച്ച് പുന്തുടര്‍ച്ചാവകാശിയെ ഉണ്ടാക്കാന്‍ കോടതി മാതാപിതാക്കള്‍ക്ക് അനുമതി നല്‍കിയിരുന്നു. അതേസമയം, ഇന്ത്യൻ നിയമപ്രകാരം വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗർഭധാരണം നിയമവിരുദ്ധമാണ്.