plant

അബുദാബി: യുഎഇ ആസ്ഥാനമായ അബുദാബിയിൽ ഒരു ചെടി വളർത്തുന്നത് നിരോധിച്ചു. വളർത്തുന്നത് മാത്രമല്ല വിഷമയമായതിനാൽ അവ തൊടരുതെന്നും മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ഈ നിർദ്ദേശം പാലിക്കണമെന്നാണ് ഉത്തരവ്. പ്രാദേശിക, ഫെഡറൽ നിയമമനുസരിച്ച് അരളിച്ചെടിയും പൂവും തൊടരുതെന്നും അവ വളർത്തരുതെന്നുമാണ് അബുദാബി പ്രാദേശിക ഭരണകൂടം അറിയിക്കുന്നത്. അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ്‌സേഫ്‌ടി അതോറിറ്റിയുടെ നിർദ്ദേശപ്രകാരം അരളിച്ചെടിയ്‌ക്ക് വിഷമുണ്ട്.

ഈ ചെടി കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും അപകടമുണ്ടാകും. ഇതിന്റെ പൂവോ ഇലയോ ശരീരത്തിനുള്ളിലെത്തിയാലാണ് അപകടം. കേരളത്തിലടക്കം സാധാരണമായി കാണപ്പെടുന്ന ചെടിയാണ് അരളി. ഇളം പിങ്ക് നിറമുള്ള അരളിപ്പൂക്കൾ ക്ഷേത്രങ്ങളിലും ആഘോഷങ്ങളിലും സർവസാധാരണമാണ്. ഈ ചെടിയുടെ ഇലകൾ,തണ്ട്,പൂക്കൾ, വേര് ഇവയെല്ലാം വിഷമയമാണ്.

ഹൃദയത്തെ ബാധിക്കുന്ന ഈ ചെടികൾ ചെറിയ അളവിൽ കഴിച്ചാൽ പോലും ഹൃദയമിടിപ്പിൽ വ്യത്യാസം, ഛർദ്ദി,വയറിളക്കം എന്നിവ ഉണ്ടാകാനും ചില ഘട്ടങ്ങളിൽ മരണമടയാനും ഇടയുണ്ട്. പരിസ്ഥിതി സംരക്ഷിക്കാനും പൊതുജനാരോഗ്യത്തിനും സുരക്ഷയ്‌‌ക്കും വേണ്ടിയാണ് നിരോധനം. അബുദാബി ആരോഗ്യവകുപ്പ് ഈയിടെയാണ് അരളിയെ വിഷസസ്യങ്ങളുടെ പരിധിയിൽ പെടുത്തിയത്. പരിസ്ഥിതി മന്ത്രാലയം, പാർക്കുകൾ, പൊതുഇടങ്ങൾ,സ്‌കൂളുകൾ തുടങ്ങിയ ഇടങ്ങളിൽ ഇവ നട്ടുപിടിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പും നൽകിയിരുന്നു.