
ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ബി.ജെ.പിയും ആംആദ്മി പാർട്ടിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഇന്നലെ പൊതുമരാമത്ത് വകുപ്പ് അധികൃതർ സീൽ ചെയ്തത് അസാധാരണ നടപടിയായി. അനുമതിയില്ലാതെയാണ് അതിഷി സിവിൽ ലൈൻസിലെ 6, ഫ്ളാഗ്സ്റ്റാഫ് റോഡിലെ വസതിയിൽ താമസം തുടങ്ങിയതെന്ന് ചൂണ്ടിക്കാട്ടിയാണിത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വസതി ഒഴിഞ്ഞപ്പോൾ പൊതുമരാമത്ത് വകുപ്പിന് താക്കോൽ കൈമാറിയില്ലെന്നും അതിഷിയെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നുവെന്നുമാണ് വിശദീകരണം. വകുപ്പ് നേരിട്ട് അതിഷിക്ക് വസതി അനുവദിച്ചിട്ടില്ല. ഔദ്യോഗിക അലോട്ട്‌മെന്റ് ലെറ്ററും നൽകിയിട്ടില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അതിഷി വസതിയിലേക്ക് മാറിയത്. അതേസമയം, നടപടിക്രമങ്ങൾ പാലിച്ച് അതിഷിക്ക് തന്നെ വസതി അനുവദിക്കുമെന്ന് ലെ്ര്രഫനന്റ് ഗവർണറുടെ ഓഫീസ് വൃത്തങ്ങൾ വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. താക്കോൽ പൊതുമരാമത്ത് വകുപ്പിന് കൈമാറാത്തതിൽ വിശദീകരണം ആവശ്യപ്പെട്ട് കേജ്രിവാളിന്റെ സ്പെഷ്യൽ സെക്രട്ടറി അടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് വിജിലൻസ് ഡയറക്ടറേറ്ര് നേരത്തെ ഷോകോസ് നോട്ടീസ് നൽകിയിരുന്നു.
കേട്ടുകേൾവിയില്ലാത്ത നടപടി
മുഖ്യമന്ത്രിയുടെ വീട്ടുസാമഗ്രികൾ ലെ്ര്രഫനന്റ് ഗവർണർ വി.കെ.സക്സേനയുടെ നിർദ്ദേശപ്രകാരം ബലംപ്രയോഗിച്ച് ഒഴിപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിച്ചു.പൊതുമരാമത്ത് വകുപ്പിന് താക്കോൽ കൈമാറാത്തത് എന്തുകൊണ്ടാണെന്നും, ഒട്ടേറെ രഹസ്യങ്ങൾ വസതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുവെന്നും ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ചദേവ പ്രതികരിച്ചു. വിഷയത്തിൽ ബി.ജെ.പി നേരത്തെ ലെ്ര്രഫനന്റ് ഗവർണർക്ക് കത്തു നൽകിയിരുന്നു.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വസതി ഒഴിയാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. ഉന്നത ബി.ജെ.പി നേതാവിന് വസതി അനുവദിക്കാനാണ് നീക്കം. ബി.ജെ.പിയുടെ സമ്മർദ്ദം കാരണമാണിത്
ആംആദ്മി പാർട്ടി
ഔദ്യോഗിക വസതി അനുവദിച്ചു കിട്ടുന്നതിനായി നടപടിക്രമങ്ങൾ പാലിക്കാൻ എന്തുകൊണ്ടാണ് അതിഷി തയ്യാറാകാത്തത്. നിയമവിരുദ്ധമായാണ് താമസം തുടങ്ങിയത്.
വിജേന്ദർ ഗുപ്ത
പ്രതിപക്ഷ നേതാവ്