
ന്യൂഡൽഹി: ഹരിയാന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ രാഹുൽ ഗാന്ധിയ്‌ക്ക് ഒരു കിലോ ജിലേബി സമ്മാനിച്ച് ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഹരിയാനയിൽ നിന്നുള്ള ജിലേബി ഇന്ത്യ മുഴുവനായും കയറ്റിയയക്കും എന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇതിനെ പരിഹസിക്കുന്ന മറുപടിയായാണ് ജിലേബി രാഹുലിന് ബിജെപി സമ്മാനിച്ചത്. 24 അക്‌ബർ റോഡ് വിലാസത്തിലെ ജിലേബിയ്‌ക്ക് പക്ഷെ ബിജെപി പണം നൽകിയിരുന്നില്ല. ക്യാഷ് ഓൺ ഡെലിവറിയായാണ് പാർട്ടി ജിലേബി ബുക്ക് ചെയ്‌തത്. രാഹുൽ ഗാന്ധിയ്‌ക്ക് വേണ്ടി ജിലേബി എന്ന വിലാസം നൽകിയാണ് ബിജെപി ജിലേബി സമ്മാനിച്ചത്.
550 രൂപ വിലയുള്ള ജിലേബി പാക്കിംഗ് ചാർജും മറ്റുമടക്കം 609 രൂപയാണ് രാഹുൽ അടയ്‌ക്കേണ്ടിയിരുന്നത്. ഡൽഹി കൊണാട്‌പ്ളേസിലുള്ള ബികാനേർവാല സ്‌റ്റോറിൽ നിന്നാണ് ജിലേബി രാഹുലിനയച്ചത്. ബുക്ക് ചെയ്‌തതിന്റെ സ്‌ക്രീൻഷോട്ട് ഹരിയാന ബിജെപി എക്‌സിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തു. ഒക്‌ടോബർ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച സമയത്ത് ആദ്യം കോൺഗ്രസ് മുന്നിലായിരുന്നെങ്കിലും പിന്നീട് ബിജെപി മുന്നിലെത്തുകയും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുകയും ചെയ്‌തു. ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ ജിലേബി ട്രെൻഡിംഗുമായി. ഇതിനുപിന്നാലെയാണ് സംസ്ഥാന ബിജെപി രാഹുലിന് ജിലേബി സമ്മാനിച്ചത്.