ratan-tata

മുംബയ്: ടാറ്റ ഗ്രൂപ്പിനെ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് എത്തിച്ചത് രത്തന്‍ നേവല്‍ ടാറ്റയെന്ന വ്യവസായ പ്രമുഖന്റെ ഇച്ഛാശക്തിയൊന്ന് മാത്രമാണ്. 86കാരനായ രത്തന്‍ ടാറ്റയുടെ അന്ത്യം ഇന്ത്യന്‍ ബിസിനസ് ലോകത്തിന്റെ മാത്രം നഷ്ടമല്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. 1937 ഡിസംബര്‍ 28ന് ആയിരുന്നു രത്തന്റെ ജനനം. ജെആര്‍ഡി ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനു ടാറ്റയുടേയും മകനായി ജനിച്ച അദ്ദേഹം മുംബയിലെ കാംപിയന്‍, കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളുകളിലാണ് വിദ്യാഭ്യാസം നേടിയത്.

പിന്നീട് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഇത്താക്കയിലുള്ള കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. അവിവാഹിതനായിരുന്ന അദ്ദേഹം ഒരു മികച്ച പൈലറ്റ് കൂടിയായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന കാലത്ത് കമ്പനിയെ വന്‍ നേട്ടങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

മുംബയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു അദ്ദേഹത്തിനെ. ആരോഗ്യ നില വഷളായെന്നും അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ബുധനാഴ്ച വൈകുന്നേരത്തോടെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു അദ്ദേഹം. 2016 മുതല്‍ ഇടക്കാല ചെയര്‍മാനായിരുന്നു. 1991 മാര്‍ച്ചിലാണ് അദ്ദേഹം, ടാറ്റ സണ്‍സ് ചെയര്‍മാനായി സ്ഥാനമേറ്റത്. 2012 ഡിസംബര്‍ വരെ കമ്പനിയെ മുന്നില്‍ നിന്ന് നയിച്ചു. ഈ കാലയളവില്‍ കമ്പനിയെ വന്‍ നേട്ടങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 1991ല്‍ 10,000 കോടി രൂപയായിരുന്ന കമ്പനിയുടെ വിറ്റുവരവ് 2011-12 ആയപ്പോള്‍ 100.09 ബില്യന്‍ ഡോളറായി ഉയര്‍ന്നത് അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടും.

സ്ഥാനമൊഴിഞ്ഞതിന് ശേഷം പിന്നീട് ചെയര്‍മാന്‍ സ്ഥാനത്തു വന്ന സൈറസ് മിസ്ത്രിയുമായി രത്തന്‍ ടാറ്റയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാര്‍ത്തകളും വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് മിസ്ത്രിയെ 2016 ഒക്ടോബറില്‍ ഈ സ്ഥാനത്ത് നിന്ന പുറത്താക്കുകയായിരുന്നു. ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍ ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു.