h

മുംബയ്: “എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി.. ” രത്തൻ ടാറ്റ വിടവാങ്ങും മുമ്പ് കുറിച്ച വരി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടാറ്റ അവസാനമായി എക്‌സിൽ കുറിച്ചത്. രത്തൻ ടാറ്റ ആശുപത്രിയിലാണെന്ന റിപ്പോർട്ട് വന്നതിനുപിന്നാലെ ലോകമെമ്പാടുമുള്ള നിരവധി പേരാണ് ആശങ്കപ്പെട്ടത്. സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും അന്വേഷിച്ച ആയിരങ്ങൾ. അവർക്കായി രത്തൻ കുറിച്ചു. “എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി..” അദ്ദേഹത്തെക്കുറിച്ച് തലമുറകൾ ചിന്തിക്കും .. അതിനുള്ളതെല്ലാം ഇവിടെ അവശേഷിപ്പിച്ചിട്ടുണ്ട്.

അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഒക്ടോബറിലാണ് ടാറ്റ ഇൻസ്റ്റാഗ്രാമിൽ ആദ്യമായി ഒരു പോസ്റ്റുമായി എത്തിയത്. "ഇന്റർനെറ്റിൽ താരമാകാൻ എനിക്കറിയില്ല, പക്ഷേ നിങ്ങളോടൊപ്പം ചേരുന്നതിൽ സന്തോഷമുണ്ട്!" എന്നായിരുന്നു ആദ്യ പോസ്റ്റ്. എക്‌സിൽ 13 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഇൻസ്റ്റഗ്രാമിൽ 10.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും അദ്ദേഹത്തിനുണ്ട്. ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ഇന്ത്യൻ സംരംഭകൻ ടാറ്റയാണ്. അതേസമയം, ടാറ്റ ഇൻസ്റ്റഗ്രാമിൽ രണ്ട് അക്കൗണ്ടുകൾ മാത്രമാണ് ഫോളോ ചെയ്യുന്നത്. സെലിബ്രിറ്റികളോ ബിസിനസ് ലോകത്തെ സുഹൃത്തുക്കളോ അല്ല. ടാറ്റ ട്രസ്റ്റിന്റെ അക്കൗണ്ടും മുംബയിലെ അദ്ദേഹത്തിന്റെ മൃഗാശുപത്രിയുടെ അക്കൗണ്ടും.