case

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെയും നടൻ ശ്രീനാഥ് ഭാസിയെയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഓം പ്രകാശിന്റെ ഫോൺ പരിശോധനയിൽ തമ്മനം ഫൈസലിന്റെ ഫോൺ നമ്പർ കണ്ടതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ഹോട്ടൽ മുറിയിലെ ഫോറൻസിക്ക് പരിശോധന റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.കൊച്ചിയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ ഓം പ്രാകാശുണ്ടായിരുന്ന മുറിയിൽ പ്രയാഗയും ശ്രീനാഥും എത്തിയിട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവരെ കൂടാതെ ഇരുപത് പേർ വേറെയുമുണ്ടായിരുന്നു. മുറിയിൽ ലഹരിപ്പാർട്ടി നടന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം.

ഇതിനിടയിൽ പ്രയാഗയുടെ പിതാവ് മാർട്ടിൻ പീറ്റർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഓംപ്രകാശ് തങ്ങിയ സ്വകാര്യ ഹോട്ടലിൽ പ്രയാഗ എത്തിയിരുന്നു. എന്നാലത് സുഹൃത്തുക്കളെ കാണാനായിരുന്നുവെന്നാണ് പിതാവ് വ്യക്തമാക്കിയത്. പ്രയാഗ നിരപരാധിയാണ്. ആൾക്കൂട്ടത്തിൽ മോശക്കാരനായ ആളുണ്ടെന്ന് എങ്ങനെ അറിയാനാണ്. കലാകാരിയായതുകൊണ്ടാണ് ഇതിനൊക്കെ വാർത്താപ്രാധാന്യം ഉണ്ടാകുന്നതെന്നും പിതാവ് വ്യക്തമാക്കി.