hurricane

ഫ്ലോറിഡ: മിൽട്ടൺ കൊടുങ്കാറ്റിനെ തുടർന്ന് ലക്ഷകണക്കിനാളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി അമേരിക്ക. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ ഇപ്പോൾ കനത്ത കാറ്റും മഴയുമാണ്. അമേരിക്കയിലെ സിയെസ്റ്റ‌കി എന്ന നഗരത്തിൽ കൊടുങ്കാറ്റ് കര തൊട്ടുവെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന വിവരം. ഇതോടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ അടയ്ക്കുകയും രണ്ടായിരത്തോളം വിമാനസർവീസുകൾ റദ്ദാക്കുകയും ചെയ്തു. കൊടുങ്കാറ്റിനെ തുടർന്ന് വെളളപ്പൊക്കത്തിനും മിന്നൽപ്രളയത്തിനും സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്.

160 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മിൽട്ടൺ കര തൊട്ടത്. 205 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. മിൽട്ടണെ നേരിടുന്നതിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മിൽട്ടൺ കാറ്റിന്റെ രൗദ്ര ഭാവങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയം കഴിഞ്ഞ ദിവസം പകർത്തിയിരുന്നു. ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ചതോടെ ലോകം ഏറെ ഭയത്തോടെയാണ് കാറ്റിനെ കാണുന്നത്.

2005ലെ റീത്ത എന്ന ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടൺ എന്നാണ് പ്രവചനം. ഫ്ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീൻ കൊടുങ്കാറ്റിന് പിന്നാലെയാണ് മിൽട്ടൺ എത്തിയത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലീൻ 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു. നോർത്ത് കരോലിനയിൽ മാത്രം 73 പേരാണ് മരിച്ചത്.