
''ഇന്ന് വിജയദശമി. ഇത് വിജയത്തിന്റെ ഉത്സവമാണ്! കലകളുടെയും, വിദ്യാരംഭത്തിന്റെയും, ആരാധനയുടെയും, വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി! ഒൻപതു രാത്രികളെന്നാണ് ഈ സംസ്‌കൃതപദത്തിന്റെ അർത്ഥം. നവരാത്രിയുടെ അവസാന മൂന്നുദിനങ്ങളായ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവ വിശേഷപ്പെട്ടതാണ്. സ്ത്രീശക്തി, മഹാശക്തി, മാതൃത്വം, യുവതി, ബാലിക, ഊർവരത, ഐശ്വര്യം, വിദ്യ തുടങ്ങിയ ഭാവങ്ങളിൽ പ്രപഞ്ചനാഥയായ ആദിശക്തിയെ ആരാധിക്കുന്ന ദിവസങ്ങളെന്നും നവരാത്രി വിശേഷിപ്പിക്കപ്പെടാറുണ്ട്. കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നതിനാൽ വിദ്യാരംഭദിനമെന്നും നമ്മൾക്കിടയിൽ അറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെയകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ മുഖ്യസന്ദേശം! ഇത് ഒരു ഹൈന്ദവ ആഘോഷമായാണ് പലരും കാണുന്നതെങ്കിലും, വസ്തുനിഷ്ടമായി ആഘോഷങ്ങളെ വിലയിരുത്തൽ നടത്തിയാൽ, നമ്മൾ ഇതിനെ ഉൾക്കൊള്ളേണ്ടത് ഒരു സാംസ്‌ക്കാരിക ആഘോഷമായിട്ടല്ലേ! ഇനി ഇതിന്റെ മറ്റൊരു വശം കൂടി നമുക്കു നോക്കാം.
ലോകത്തിലെ മറ്റേതെങ്കിലുമൊരു സഹോദരമതം വിദ്യാരംഭത്തിനായി നവരാത്രി പൂജയോടെ നന്മയുടെ നാളേക്കായി പരാശക്തിയെ നമ്രശിരസ്‌ക്കരായി പ്രാർത്ഥിക്കണമെന്ന സംസ്‌ക്കാരം മനുഷ്യർക്ക് പകർന്നു തന്നിട്ടുണ്ടോ! ഇതിലൂടെ പകരുന്ന സന്ദേശം ആത്മീയ വളർച്ചയിലൂടെ മാത്രമേ മനുഷ്യന് പൂർണ്ണതയെ ദർശിക്കാൻ കഴിയുയെന്നതാണ്. അമൂല്യമായ അറിവുകൾ സ്വീകരിക്കുന്നത് ഉത്തമമനുഷ്യന്റെ ലക്ഷണമാണ്! അതിനെ മതമെന്ന വേലിക്കെട്ടിനുള്ളിലൊതുക്കാതെ വിശ്വമാനവ സംസ്‌ക്കാരത്തിന്റെ ഭാഗമായിക്കണ്ട് ഓരോ കുഞ്ഞോമനക്കും അതിന്റെ ഐശ്വര്യം ഉണ്ടാകുന്നതിനുവേണ്ട അവസരമുണ്ടാക്കുമ്പോഴാണ് നമ്മൾ യഥാർഥ ഭാരതീയരാകുന്നത്! ഒന്നു സ്വയം ചോദിച്ചു നോക്കൂ, സംഗീതത്തിന്റെ മതമേതാണ്? സാഹിത്യത്തിന്റെ ജാതിയേതാണ്? ലോകാരാധന നേടിയ മഹാന്മാരൊക്കെ ഉന്നത കുലജാതരായിരുന്നോ? അപ്പോൾ, നവരാത്രി ആഘോഷത്തെ, നമ്മുടെ നാട്ടിലെ എല്ലാ മനുഷ്യരുടേയും സാംസ്‌ക്കാരികാഘോഷമാക്കി കൂടുതൽ അർത്ഥ പൂർണ്ണമാക്കേണ്ടതല്ലേ!""
അൽപ്പമൊരു ആവേശത്തോടെയാണ് പ്രഭാഷകൻ ഇത്രയും പറഞ്ഞത്. നവരാത്രി ആഘോഷങ്ങളുടെ പുരാണം പുതിയതലമുറയ്ക്ക് പകരാനുള്ള ശ്രമമാണെന്ന് സദസ്യർ കരുതിയതെങ്കിലും, സദസ്യർക്ക് മതമൈത്രിയുടെ സ്വർഗവാതിൽ ദർശനം കിട്ടിയ പോലൊരനുഭവമായി മാറി പ്രഭാഷകന്റെ മാസ്മരിക വാക്കുകൾ! ഹൃദ്യമായ പുഞ്ചിരിപൂക്കൾ, സദസ്യർക്ക് വാത്സല്യപൂർവ്വം സമ്മാനിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''മഹിഷാസുര വധത്തിന്റെ കഥയായാലും, ശ്രീരാമൻ, രാവണനെ വധിച്ചതിന്റെ കഥയായാലും നമ്മളതു കേവലം കഥയായി മാത്രം കണ്ടാൽ മതി. ഇന്ന് ആദ്യാക്ഷരങ്ങൾ കുറിക്കുന്ന ഓരോ പൊന്നോമനക്കും 'ഹരീശ്രീ" മന്ത്രത്തിനൊപ്പം തന്നെ, ഗുരുക്കന്മാർ മറ്റൊരനുഗ്രഹം കൂടി അവർക്കു കൊടുക്കണം. അതെന്താണല്ലേ, പറയാം: തിരിച്ചറിവോടെ മനുഷ്യനന്മയുടെ ദീപശിഖയേന്തി മുന്നേറുവാനുള്ള കെൽപ്പ് ഈ കുഞ്ഞുകൈകൾക്ക് ഉണ്ടാകണേയെന്നൊരനുഗ്രഹം! ഇന്ന് പല ഉയർന്ന സ്ഥാനങ്ങളിലും മാന്യതയോടെയിരിക്കുന്നവരെ ആദ്യാക്ഷരങ്ങൾ കുറിച്ച ഗുരുക്കന്മാർ അത്തരമൊരനുഗ്രഹം കൂടി നൽകിയത് അന്നത്തെയവരുടെ കുഞ്ഞുമനസിൽ പതിഞ്ഞില്ലെങ്കിലും, അവരുടെ ജീവിതത്തിൽ നന്നായി ഫലിച്ചിട്ടുണ്ടല്ലോ! പിന്നെ, അന്നത്തെ ഗുരുക്കന്മാരുടെ ആത്മജ്ഞാനം ഇന്നെത്ര പേർക്കുണ്ടെന്നും സ്വയമവർ തന്നെ വിലയിരുത്തൽ നടത്തട്ടെ! എന്നാലും, നമ്മുടെ മക്കൾ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന ഈ പൊൻപുലരി ഏറ്റവും ഐശ്വര്യപൂർണ്ണമാകട്ടെയെന്നു നമുക്ക് സർവ്വശക്തനോടു പ്രാർത്ഥിക്കാം!"" ആദ്യാക്ഷരങ്ങളിലൂടെ കുഞ്ഞുവിരലുകൾ തലോടുന്ന ശുഭ മുഹൂർത്തത്തിലേക്ക് നടന്നുനീങ്ങിയ ഓരോ മനസ്സും, മതാതീത ചിന്തകളെ തലോലിക്കുകയായിരുന്നു.