ratan-tata

മുംബയ്: രത്തൻ ടാറ്റ ഇന്ത്യയുടെ അഭിമാനം മാത്രമല്ല, ദയയ്ക്കും അനുകമ്പയ്ക്കുമൊക്കെ ലോകമെമ്പാടും പേരുകേട്ട വലിയൊരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു. താൻ സ്‌നേഹിക്കുന്നവർക്ക് വേണ്ടി എത്ര വലിയ കാര്യങ്ങളും ത്യജിക്കാൻ അദ്ദേഹം തയ്യാറായിരുന്നു. അസുഖബാധിതനായ നായയുടെ അരികിലിരിക്കാൻ വേണ്ടി അദ്ദേഹം ചാൾസ് രാജാവിന്റെ ക്ഷണം വരെ തിരസ്കരിച്ചു.


2018ലെ ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ ആ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് രത്തൻ ടാറ്റയ്ക്കായിരുന്നു. ബക്കിംഗ് ഹാം കൊട്ടാരത്തിൽവച്ചാണ് പുരസ്‌കാരം നൽകുന്നത്. ഏതൊരാളും ആഗ്രഹിക്കുന്ന കാര്യം.

ചടങ്ങിൽ പങ്കെടുക്കുമെന്ന് രത്തൻ ടാറ്റ അറിയിക്കുകയും ചെയ്തു. ഇത് വലിയ വാർത്തയായി. എന്നാൽ ചടങ്ങ് നടക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ വളർത്തുനായയെ ഗുരുതര അസുഖം ബാധിച്ചു. ഇതോടെ രത്തൻ ടാറ്റ യാത്ര വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഇത് ചാൾസ് മൂന്നാമനിൽ മതിപ്പ് ഉണ്ടാക്കുകയും ചെയ്‌തു.


ഹൃദയസ്പർശിയായ കഥ ബിസിനസുകാരനായ സുഹെൽ സേത്ത് ആണ് വെളിപ്പെടുത്തിയത്.പരിപാടി നടക്കുന്നതിന് കുറച്ച് ദിവസം മുമ്പ് രത്തൻ ടാറ്റ വിളിച്ചു. പതിനൊന്ന് മിസ്ഡ് കോൾ. തിരിച്ചുവിളിച്ചപ്പോഴാണ് 'എനിക്ക് അവനെ വിട്ട് വരാൻ കഴിയില്ല' എന്നുപറഞ്ഞത്. ചടങ്ങിൽ പങ്കെടുക്കാൻ നിർബന്ധിച്ചിട്ടും, രത്തൻ ടാറ്റ നിലപാടിൽ ഉറച്ചുനിൽക്കുകയും തന്റെ പ്രിയപ്പെട്ട വളർത്തുമൃഗത്തെ പരിപാലിക്കുന്നതിനായി രാജകീയ ബഹുമതി ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞ ചാൾസ് രാജാവ് രത്തൻ ടാറ്റയെ പ്രശംസിക്കുകയും ചെയ്തു.