bsnl

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഉടമയായ ബിഎസ്‌എൻഎല്ലിന്റെ പ്രവർത്തനം തീരെ മോശമെന്ന് വ്യക്തമാക്കി പാർലമെന്റംഗങ്ങൾ. തിങ്കളാഴ്‌ച ബിഎസ്‌എൻഎൽ അധികൃതരുമായി നടന്ന കൂടിക്കാഴ്‌ചയിലാണ് എം.പിമാരുടെ സമിതി എതിർപ്പ് അറിയിച്ചത്. നിലവിൽ എല്ലാ എംപിമാർക്കും ബിഎസ്‌എൻഎൽ സിം നൽകിയിട്ടുണ്ട്. കമ്പനിയുടെ സർവീസ് മോശമാണെന്ന് തങ്ങളുടെ സ്വന്തം മൊബൈലിലെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് എംപിമാർ അറിയിച്ചത്.

ബിജെപി എംപി സഞ്ജയ് ജെയ്‌സ്വാളിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സമിതിയാണ് ബിഎസ്‌എൻഎല്ലിനോട് തങ്ങളുടെ അതൃപ്‌തി അറിയിച്ചത്. എന്നാൽ ഇതിന് മറുപടിയായി നിലവിൽ 4ജി സേവനത്തിലേക്ക് മാറുന്ന തങ്ങളുടെ പ്രവർത്തനങ്ങൾ അധികൃതർ അറിയിച്ചു. 'ആത്മനിർഭർ ഭാരത്' പദ്ധതിയനുസരിച്ച് ഒരു തദ്ദേശീയ സാങ്കേതിക വിദ്യ 4ജി സേവനങ്ങൾക്കായി രൂപീകരിച്ചെന്നും ആറ് മാസത്തിനകം ഫലം രാജ്യം മുഴുവൻ ലഭിക്കുമെന്നുമാണ് കമ്പനി എം.പിമാരെ അറിയിച്ചത്.

24,000 ടവറുകളിൽ 4ജി സംവിധാനം തയ്യാറായെന്നും ആറ് മാസത്തിനകം ഒരുലക്ഷം ടവറുകളിൽ സംവിധാനമെത്തിക്കും എന്നുമാണ് ബിഎസ്‌എൻഎൽ എം‌പിമാർക്ക് നൽകുന്ന വാക്ക്. 54,000 ടവറുകളിൽ 4ജി സേവനത്തിന് ഇതിനകം തയ്യാറാണെന്നും 5ജി സേവനത്തിലേക്ക് ഇതിൽ നിന്നും അതിവേഗം മാറ്റാൻ കഴിയുമെന്നാണ് ബിഎസ്‌എൻഎൽ അധികൃതരുടെ അഭിപ്രായം. 5ജി സാങ്കേതികവിദ്യ പരീക്ഷണങ്ങൾ നിലവിൽ ബിഎസ്‌എൻഎൽ നടത്തുന്നുണ്ട്. 2020-21ൽ പ്രവർത്തനലാഭം നേടിയ കമ്പനി 2027ൽ ലാഭത്തിലെത്താനുള്ള ശ്രമത്തിലാണ്.