
മുംബയ്: താജ് ഹോട്ടലിൽ ഒരുദിവസം തങ്ങണമെങ്കിൽ പതിനായിരങ്ങൾ ചെലവുവരും. എന്നാൽ ഇവിടേയ്ക്ക് എപ്പോഴും കടന്നുചെല്ലാനും സൗജന്യമായി സൗകര്യങ്ങൾ ആസ്വദിക്കാനും അവകാശമുള്ള ഒരു കൂട്ടരുണ്ട്. സാധാരണമനുഷ്യർ കാണുമ്പോഴെല്ലാം ആട്ടിയകറ്റുന്ന തെരുവുനായ്ക്കളാണവ. ഹോട്ടൽ പരിസരത്ത് എത്തുന്ന തെരുവുനായ്ക്കൾക്ക് ഭക്ഷണം ഉൾപ്പെടെ നൽകാനും നന്നായി പരിചരിക്കാനും കാവൽക്കാർ അടക്കം ശ്രദ്ധിച്ചിരുന്നു. ലോകത്തിലെ തന്നെ വിവിഐപികൾ എത്തുന്ന ഹോട്ടലാണിതെന്ന് ഓർക്കണം.
ടാറ്റയെ ടാറ്റയാക്കിയ രത്തൻ ടാറ്റയ്ക്ക് മൃഗങ്ങളോട്, പ്രത്യേകിച്ച് നായ്ക്കളോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു ഇതിനുകാരണം. മൃഗങ്ങളുടെ അവകാശങ്ങൾക്കായി അദ്ദേഹം എപ്പോഴും പോരാടിയിരുന്നു. വെറും പറച്ചിൽ മാത്രമല്ല പറഞ്ഞതുപോലെ പ്രവർത്തിക്കുകയും ചെയ്തു. മുംബയിൽ ഒരു നായ സംരക്ഷണ കേന്ദ്രവുമുണ്ട്. ഇവിടെ തെരുവുനായ്ക്കൾക്ക് ഭക്ഷണവും വൈദ്യസഹായവും നൽകുന്നുണ്ട്. രത്തൻ ടാറ്റയുടെ ഓഫീസിൽ ജീവനക്കാരുടെ വളർത്തുമൃഗങ്ങൾക്ക് താസിക്കാൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
മുംബയിൽ മഹാലക്ഷ്മി ഏരിയയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൃഗാശുപത്രി രത്തൻ ടാറ്റയുടെ മൃഗസ്നേഹത്തിന് മറ്റൊരു ഉദാഹരണമാണ്. ഇരുനൂറിലധികം കിടക്കകളാണുള്ളത്. നൂതന ചികിത്സയാണ് ഇവിടത്തെ രോഗികൾക്ക് എത്തുന്നത്. കോടികൾ മുടക്കിയാണ് ഈ മൃഗാശുപത്രി സ്ഥാപിച്ചത്. ഈ ആശുപത്രി സ്ഥാപിച്ചതിനെക്കുറിച്ച് രത്തൻ ടാറ്റ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'വളർത്തുമൃഗങ്ങൾ ഞങ്ങളുടെ കുടുംബമാണ്. അവയിൽ ഓരോന്നിന്റെയും ജീവനും പ്രധാനമാണ്. ഞാൻ ചുറ്റും നോക്കിയപ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കണ്ടു. ഇത്രയധികം വളർത്തുമൃഗങ്ങളുടെ ജനസംഖ്യയുള്ള ഒരു വലിയ രാജ്യത്ത്, ജീവൻ രക്ഷിക്കാനും വളർത്തുമൃഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും കഴിയുന്ന ഒരു സൗകര്യം നമുക്കില്ലാത്തത് എന്തുകൊണ്ടെന്ന് എന്നെ അത്ഭുതപ്പെടുത്തി'.