drone

ന്യൂഡൽഹി: കര, ജല അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനായി പുതിയ വമ്പൻ പ്രൊജക്‌ടിനൊരുങ്ങി ഇന്ത്യ. 80,000 കോടിയുടെ പ്രതിരോധ കരാറിനാണ് ക്യാബിനറ്റ് കമ്മിറ്റി കഴിഞ്ഞദിവസം അനുമതി നൽകിയത്. അമേരിക്കയുമായാണ് കരാർ. 31 പ്രെഡേറ്റർ ഡ്രോണുകൾ എന്ന ആളില്ലാ ഡ്രോൺ വിമാനങ്ങൾ എത്തുമ്പോൾ ഇന്ത്യൻ പ്രതിരോധ സേനയുടെ നിരീക്ഷണശേഷി വർദ്ധിക്കും എന്നാണ് അനുമാനം. ഒപ്പം തദ്ദേശീയമായി വികസിപ്പിച്ച ആണവ ശക്തിയുള്ള രണ്ട് കൺവെൻഷണൽ സ്‌ട്രൈക്ക് അന്തർവാഹിനികളും എത്തും. നാവികസേനയ്‌ക്ക് ഇവ വൈകാതെ മുതൽക്കൂട്ടാകും.

ലാർസൺ ആന്റ് ടൊർബൊയടക്കം സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ വിശാഖപ്പട്ടണത്തെ കപ്പൽ നിർമ്മാണ കേന്ദ്രത്തിലാണ് രണ്ട് ആണവ അന്തർവാഹിനികളും നിർമ്മിക്കുക. 45,000 കോടി രൂപയാണ് ഇവയുടെ നിർമ്മാണത്തിനുവേണ്ടി വരുന്ന തുക. അരിഹന്ത് ക്ളാസിൽ നി‌ർമ്മിച്ച അഞ്ച് ആണവ അന്തർവാഹിനികളിൽ നിന്നും തീർത്തും വ്യത്യസ്‌തമായിരിക്കും ഈ രണ്ട് അന്തർവാഹിനികളും. സമുദ്രാന്തർഭാഗത്ത് മികച്ച പ്രഹരശേഷി നൽകുന്നവയാകും ഇവയെന്നാണ് വിവരം.

മൂന്ന് ആണവോർജത്തിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളാണ് ഇന്ത്യയ്‌ക്കുള്ളത്. കര, വായു, ജല മാർഗത്തിലൂടെയുള്ള പ്രതിരോധത്തിൽ ഇവ വളരെ പ്രധാനമാണ്. ഐഎൻ‌എസ് അരിഹന്ത്, ഐഎൻഎസ് അരിഖട്ട്, എസ് 4 എന്നിവയാണ് അന്തർവാഹിനികൾ. എം‌ക്യു-9ബി പ്രെഡേറ്റർ ഡ്രോണുകളിൽ 15 യൂണിറ്റ് നാവികസേനയ്‌ക്കും എട്ടെണ്ണം വീതം കരസേനയ്‌ക്കും വായുസേനയ്‌ക്കും ലഭിക്കും.