
മുംബയ്: ഉപ്പ് തൊട്ട് കർപ്പൂരം വരെ നിർമ്മിക്കുന്നവരാണ് ടാറ്റ ഗ്രൂപ്പെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. ടാറ്റയുടെ പേരിൽ ഉപ്പും ഇറങ്ങി. ഇറങ്ങാത്തതെന്തെന്നു ചോദിച്ചാൽ ചിന്തിക്കേണ്ടിവരും. തൊട്ടതെല്ലാം പൊന്നാണ്. വിജയഗാഥകൾ ഏറെയുണ്ട്. എന്നാൽ ടാറ്റ പരാജയപ്പെട്ടു പോയൊരു മേഖലയുണ്ട്. അത് സിനിമയാണ്. 2003 ലാണ് രത്തൻ ടാറ്റ ഒരു സിനിമ നിർമ്മിക്കുന്നത്. എയ്ത്ത് ബാർ. ഹോളിവുഡ് ചിത്രം ഫിയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം.വിക്രം ഭട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചൻ, ജോൺ എബ്രഹാം, ബിപാഷ ബസു തുടങ്ങിയ വൻ താരങ്ങൾ. ടാറ്റ ഇൻഫോമീഡിയ എന്ന ബാനറിലായിരുന്നു നിർമ്മാണം. ജതിൻകുമാർ, ഖുഷ്ബു ഭദ, മൻദീപ് സിംഗ് എന്നിവർ സഹ നിർമ്മാതാക്കൾ. 2004 ൽ സിനിമ പ്രദർശനത്തിനെത്തി. ചെലവ് 9.50 കോടി. വൻ താരമൂല്യവും ചിത്രത്തിന് ഉണ്ടായിരുന്നു. എന്നാൽ മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്ത വിധം സിനിമ പരാജയപ്പെട്ടു. അതോടെ അദ്ദേഹം സിനിമാ മേഖല എന്നെന്നേയ്ക്കുമായി വിട്ടു.
86 വർഷം.. അവിവാഹിതനായി തുടർന്ന രത്തൻ.. നാലിലധികം തവണ വിവാഹത്തോളം കാര്യങ്ങളെത്തി. പല കാരണങ്ങളാൽ നടന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ച് പലരും അദ്ദേഹത്തോട് ചോദിച്ചു..ലോസ് ആഞ്ചൽസിലായിരുന്ന കാലത്ത് അദ്ദേഹത്തിന് ഗാഢമായ പ്രണയമുണ്ടായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ മാതാപിതാക്കൾ ഇന്ത്യയിലേക്ക് പോവുന്നതിനെ എതിർത്തു. അങ്ങനെ വിവാഹം നടന്നില്ല. 2011ൽ ഒരഭിമുഖത്തിൽ അദ്ദേഹമിങ്ങനെ പറഞ്ഞു, ''വളരെ ഗാഢമായ പ്രണയമായിരുന്നു അത്. ആ പെൺകുട്ടിയെ വിവാഹം കഴിച്ച് അമേരിക്കയിൽ താമസമാക്കാമെന്നായിരുന്നു ചിന്ത. അതിനിടയിലാണ് മുത്തശ്ശിക്ക് അസുഖം കൂടുന്നത്. അവിടെ തുടരണോ, ഇന്ത്യയിലേക്ക് മടങ്ങണോ...കുറേ നാളത്തെ ആലോചനകൾക്കുശേഷം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അവൾ പിന്നാലെ വരാമെന്നായിരുന്നു തീരുമാനം. എന്നാൽ ഒന്നും നടന്നില്ല. ഞാൻ ഇന്ത്യയിലെത്തി തൊട്ടടുത്ത വർഷം ഇന്തോ-ചൈന യുദ്ധം തുടങ്ങി. അവൾ ഇന്ത്യയിലേക്ക് വരുന്നതിനെ മാതാപിതാക്കൾ എതിർത്തു. അതോടെ പിരിയേണ്ടിവന്നു.
പിന്നീടും നാലുതവണ വിവാഹത്തിനടുത്തുവരെ എത്തി. പക്ഷേ ഓരോ തവണയും പേടികൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ വേണ്ടെന്നുവച്ചു''. ഒറ്രപ്പെടൽ അനുഭവിച്ചിരുന്നു എന്ന് അദ്ദേഹം പല തവണ അഭിമുഖങ്ങളിൽ പറഞ്ഞു. ബോളിവുഡ് നടി സിമി ഗെർവാളുമായി അഗാധ പ്രണയത്തിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അത് നടന്നില്ല. അവർ മറ്റൊരു വിവാഹം ചെയ്തു. താനും രത്തനും തമ്മിൽ അഗാധമായ, ശക്തമായ ബന്ധമുണ്ടായിരുന്നെന്ന് സിമി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.