ratan-

ന്യൂഡൽഹി; അന്തരിച്ച വ്യവസായി രത്തൻ ടാറ്റയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ആഴത്തിലുള്ള സൗഹൃദമാണുണ്ടായിരുന്നത്. 2008ൽ ഒരൊറ്റ വാക്കിൽ നിന്ന് തുടങ്ങിയതാണ് ഇരുവരുടെയും സൗഹൃദം.

'സുസ്വാഗതം' എന്ന സംസ്‌‌കൃത വാക്കിന് മോദിയുടെയും ടാറ്റയുടെയും ബന്ധത്തിൽ വലിയ വിലയാണുള്ളത്. രത്തൻ ടാറ്റയുടെ വ്യാവസായിക ജീവിതത്തിലെ ഒരദ്ധ്യായത്തിനും ഗുജറാത്ത് സർക്കാരിന്റെ വ്യാവസായിക പരിവർത്തനത്തിനും തുടക്കം കുറിക്കുകയായിരുന്നു ആ വാക്ക്.

2008ൽ മമത ബാനർജിയും ബുദ്ധദേബ് ഭട്ടാചാര്യയും തമ്മിലെ രാഷട്രീയ അസ്വാരസ്യങ്ങൾ കാരണം പശ്ചിമബംഗാൾ സിംഗൂരിലെ ടാറ്റ മോട്ടോഴ്‌സിന്റെ നാനോ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു. പ്ളാന്റ് സ്ഥാപിക്കുന്നതിനായി പുതിയ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു ടാറ്റ മോട്ടോഴ്‌സ് നേരിട്ട വലിയ വെല്ലുവിളി. മറ്റ് പല സംസ്ഥാനങ്ങളും ഓഫറുകൾ മുന്നോട്ടുവച്ചെങ്കിലും ഗുജറാത്തായിരുന്നു ടാറ്റയുടെ വിശ്വാസം നേടിയത്.

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി സനന്ദിലെ കണ്ണായ സ്ഥലത്തിൽ 1100 ഏക്കർ ടാറ്റയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. ഒരേക്കറിന് 3.5 ലക്ഷം വച്ചായിരുന്നു നൽകാമെന്നേറ്റത്. ഇത്തരത്തിൽ കമ്പനിയുടെ പ്രതിസന്ധിയിൽ രക്ഷകനായി മോദി അവതരിക്കുകയായിരുന്നു. സിംഗൂരിൽ നിന്ന് പിൻവാങ്ങുന്നതായി ടാറ്റ അറിയിച്ചതിന് പിന്നാലെ രത്തൻ ടാറ്റയ്ക്ക് 'സുസ്വാഗതം' എന്ന ഒറ്റ വാക്ക് സന്ദേശമായി അയച്ചാണ് മോദി കമ്പനിയെ ഗുജറാത്തിലേയ്ക്ക് സ്വീകരിച്ചത്.

ടാറ്റയ്ക്ക് നൽകാമെന്നേറ്റ സ്ഥലവുമായി ടാറ്റ കുടുംബത്തിന് ചരിത്രപരമായ ബന്ധവുമുണ്ടായിരുന്നു. നൂറുവർഷം മുൻപ് ഒരു വരൾച്ചക്കാലത്ത് ജംസേട്ട്‌ജി ടാറ്റ സനന്ദിൽ ഒരു പശു ഫാം നി‌ർമിക്കാനായി 1000 രൂപ ധനസഹായം നൽകിയ സ്ഥലമായിരുന്നു അത്. 2010 ജൂണിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ രത്തൻ ടാറ്റ 2000 കോടിയുടെ സനന്ദ് പ്ളാന്റ് പദ്ധതി ഉദ്ഘാടനം ചെയ്തു.