alia-deepika

ബ്യൂട്ടീ പാർലറിൽ പോയി ഫേഷ്യൽ അടക്കമുള്ളവ ചെയ്യാൻ ആയിരം രൂപയിലധികം ചെലവ് വരും. സാധാരണക്കാരെ സംബന്ധിച്ച് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാൽ സൗന്ദര്യ സംരക്ഷണം എന്നുപറയുന്നത് ഒഴിച്ചുകൂടാൻ പറ്റാത്തയൊരു കാര്യവുമാണ്. അപ്പോൾ എന്ത് ചെയ്യും? ചർമത്തിന് വേണ്ടി ഒന്നും ചെയ്യാതിരുന്നാൽ ശരിയാകില്ല.

ചെലവ് കുറഞ്ഞ രീതിയിൽ വീട്ടിലിരുന്നുകൊണ്ട് തന്നെ സൗന്ദര്യം സംരക്ഷിക്കുകയാണ് യഥാർത്ഥ പോംവഴി. ഇത്തരത്തിൽ ബീറ്റ്റൂട്ട് മുതൽ തക്കാളിവരെ സൗന്ദര്യം സംരക്ഷിക്കാൻ ഉപയോഗിക്കുന്നവരുണ്ട്.


ഐസ് ക്യൂബ് അല്ലെങ്കിൽ ഐസ് വാട്ടർ ഉപയോഗിച്ച് സൗന്ദര്യം സംരക്ഷിക്കുന്നവരുമുണ്ട്. ഐസ് ക്യൂബ് ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്താൽ നിരവധി ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. മുഖക്കുരു അകറ്റാനും, കണ്ണിനടിയിലെ കറുപ്പ് മാറ്റാനും ചുളിവുകളകറ്റാനുമൊക്കെ ഇത് സഹായിക്കും.


ആലിയ ഭട്ട്, ദീപിക പദുക്കോൺ അടക്കമുള്ളവരുടെ സൗന്ദര്യ രഹസ്യം കൂടിയാണിത്. ഐസ് വെള്ളത്തിൽ മുഖം മുക്കുന്ന താരങ്ങളുടെ വീഡിയോകൾ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാവിലെയാണ് ഇത് ചെയ്യുന്നത് ഉത്തമം. എന്നാൽ അമിതമായാൽ അമൃതും വിഷമാണെന്ന് ഓർക്കണം. ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ ഇത് ചെയ്യരുത്.

അതേസമയം, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, എല്ലാവരുടെയും ചർമം ഒരുപോലെയല്ല. അലർജിയോ മറ്റോ ഉള്ളവർ എന്ത് സൗന്ദര്യ പരീക്ഷണം നടത്തുന്നതിന് മുമ്പും കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിന്റെ അഭിപ്രായം തേടുക.