milton

ഫ്ലോറിഡ: മണിക്കൂറിൽ 285 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാദ്ധ്യതയുള്ള ‘മിൽട്ടൻ’ ചുഴലിക്കാറ്റ് കരതൊട്ടതിനെത്തുടർന്ന് ഫ്ളോറിഡയിൽ കനത്ത പേമാരിയും കൊടുങ്കാറ്റും. കാറ്റഗറി മൂന്ന് കൊടുങ്കാറ്റായി ശക്തി പ്രാപിച്ച മിൽട്ടൻ 105 മൈൽ വേഗതയിലാണ് തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുന്നത്.

ചുഴലിക്കാറ്റിനെത്തുടർന്ന് ഒരു വൃദ്ധസദനത്തിലെ നിരവധിപ്പേർ മരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഴ ശക്തമായി പെയ്യുന്നതിനാൽ ഫ്ളോറിഡയിൽ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. പത്ത് ഇഞ്ച് മഴയാണ് ടാമ്പയിൽ പെയ്തത്. സെന്റ് പീറ്റേഴ്‌സ്‌ബർഗ് നഗരത്തിൽ 17 ഇഞ്ച് മഴ പെയ്തു. കൊടുങ്കാറ്റിൽ അനേകം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. രണ്ട് ദശലക്ഷത്തോളം പേർക്ക് വൈദ്യുതി സേവനം നിലച്ചു.

കാറ്റഗറി അഞ്ച് ശക്തിയോടെ ഫ്ളോറിഡയുടെ പശ്ചിമ തീരങ്ങളിൽ മിൽട്ടൻ നിലംതൊടുമെന്നാണ് അധികൃതർ മുൻപ് മുന്നറിയിപ്പ് നൽകിയത്. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തിൽപ്പെട്ടവയെയാണ് കാറ്റഗറി അഞ്ചിൽ ഉൾപ്പെടുത്തുക. മുൻകരുതലിന്റെ ഭാഗമായി ഫ്ളോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഫ്ളോറിഡ തീരത്ത് അതീവ ജാഗ്രതാനിർദേശവും നൽകി. ആയിരക്കണക്കിന് പേർ വീടുകൾ ഒഴിഞ്ഞ് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറി.

2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടൻ എന്നാണ് പ്രവചനം. യുഎസിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ മിൽട്ടനും കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിൽ 160ലധികം പേരാണ് മരിച്ചത്.