
ബാഴ്സലോണ: ഫ്രഞ്ച് ഓപ്പണിൽ ചരിത്ര വിസ്മയം സൃഷ്ടിച്ച സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ കോർട്ടിനോട് വിടചൊല്ലുന്നു. ഈ വർഷം അവസാനം നടക്കുന്ന ഡേവിസ് കപ്പ് ഫൈനലോടെ താൻ കളി നിറുത്തുകയാണെന്ന് 38കാരനായ താരം ഇന്നലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
കളിമൺ കോർട്ടിലെ രാജാവ് എന്നറിയപ്പെടുന്ന നദാൽ 22 ഗ്രാൻസ്ളാം കിരീടങ്ങൾക്കുടമയാണ്. ഇതിൽ 14 എണ്ണവും കളിമൺ കോർട്ടിലെ ഏക ഗ്രാൻസ്ളാമായ ഫ്രഞ്ച് ഓപ്പണിലാണ്. നാലു തവണ യു.എസ് ഓപ്പൺ ചാമ്പ്യനായ നദാൽ രണ്ടുതവണ വീതം വിംബിൾഡണും ഓസ്ട്രേലിയൻ ഓപ്പണും നേടിയിട്ടുണ്ട്. 2008 വിംബിൾഡണിന്റെ ഫൈനലിൽ നദാലും റോജർ ഫെഡററും തമ്മിലുള്ള അഞ്ചുസെറ്റ് പോരാട്ടം എക്കാലത്തേയും മികച്ച ടെന്നിസ് മത്സരങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ദീർഘകാലം ലോക ഒന്നാം നമ്പർ താരവുമായിരുന്നു.