ratan-tata

ന്യൂഡൽഹി: രാജ്യം ഏറ്റവും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്ത വ്യവസായി രത്തൻ ടാറ്റ വിടവാങ്ങിയപ്പോൾ അനാഥമായത് അനേകം തെരുവ് നായ്‌ക്കൾ കൂടിയാണ്. വലിയൊരു മൃഗസ്‌നേഹി കൂടിയായ രത്തൻ ടാറ്റ മുംബയിൽ ഒരു നായ സംരക്ഷണ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ തന്റെ പ്രിയപ്പെട്ട വളർത്തുനായ്‌ക്കളിൽ ഒരാളായ 'ഗോവ' എത്തിയത് കണ്ടുനിന്നവരുടെയും കണ്ണുനനയിച്ചു.

രത്തൻ ടാറ്റ തന്റെ പ്രിയപ്പെട്ട നായയ്ക്ക് 'ഗോവ' എന്ന് പേര് നൽകിയതിന് പിന്നിലൊരു കഥയുണ്ട്. ഒരിക്കൽ രത്തൻ ടാറ്റ ഗോവയിലായിരിക്കെ ഒരു തെരുവ് നായ അദ്ദേഹത്തെ അനുഗമിക്കാൻ തുടങ്ങി. തുടർന്ന് ആ നായയെ ദത്തെടുക്കാനും മുംബയിലേയ്ക്ക് കൊണ്ടുവരാനും അദ്ദേഹം തീരുമാനിച്ചു. ഗോവയിൽ നിന്ന് ലഭിച്ച നായയ്ക്ക് 'ഗോവ' എന്ന പേരും നൽകി. മറ്റ് തെരുവ് നായ്ക്കൾക്കൊപ്പം മുംബയിലെ ബോംബെ ഹൗസിലാണ് ഗോവയും താമസിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസായ ബോംബെ ഹൗസിലും താജ് ഹോട്ടലിലെന്ന പോലെ തെരുവ് നായ്ക്കൾക്കും പ്രവേശിക്കാൻ അനുവാദമുണ്ട്.

മുംബയിൽ മഹാലക്ഷ്മി ഏരിയയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൃഗാശുപത്രി രത്തൻ ടാറ്റയുടെ മൃഗസ്നേഹത്തിന് മറ്റൊരു ഉദാഹരണമാണ്. ഇരുനൂറിലധികം കിടക്കകളാണ് ഇവിടെ ഉള്ളത്. നൂതന ചികിത്സയാണ് ഇവിടത്തെ രോഗികൾക്ക് എത്തുന്നത്. കോടികൾ മുടക്കിയാണ് ഈ മൃഗാശുപത്രി സ്ഥാപിച്ചത്. ഈ ആശുപത്രി സ്ഥാപിച്ചതിനെക്കുറിച്ച് രത്തൻ ടാറ്റ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'വളർത്തുമൃഗങ്ങൾ ഞങ്ങളുടെ കുടുംബമാണ്. അവയിൽ ഓരോന്നിന്റെയും ജീവനും പ്രധാനമാണ്. ഞാൻ ചു​റ്റും നോക്കിയപ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കണ്ടു. ഇത്രയധികം വളർത്തുമൃഗങ്ങളുടെ ജനസംഖ്യയുള്ള ഒരു വലിയ രാജ്യത്ത്, ജീവൻ രക്ഷിക്കാനും വളർത്തുമൃഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും കഴിയുന്ന ഒരു സൗകര്യം നമുക്കില്ലാത്തത് എന്തുകൊണ്ടെന്ന് എന്നെ അത്ഭുതപ്പെടുത്തി'.