
ഹൃദയത്തിലെ അസാധാരണമായ വൈദ്യുത പ്രവർത്തനങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് ടാർഗറ്റ് ചെയ്യാൻ സഹായിക്കുന്ന ഈ അത്യാധുനിക ത്രീഡി ഒമ്നിപോളാർ മാപ്പിംഗ് സിസ്റ്റമായ 'എൻസൈറ്റ് എക്സ്' കേരളത്തിൽ ആദ്യത്തേതും ഇന്ത്യയിൽ മൂന്നാമത്തേതുമാണ്
തിരുവനന്തപുരം, ഒക്ടോബർ 10, 2024: അത്യാധുനിക ത്രീഡി മാപ്പിംഗ് സംവിധാനത്തോടുകൂടിയ ഇലക്ട്രോഫിസിയോളജി ലാബുമായി തിരുവനന്തപുരം കിംസ്‌ഹെൽത്ത്. കിംസ്‌ഹെൽത്തിൽ വച്ച് നടന്ന ചടങ്ങിൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ് സോമനാഥ് പുതിയ ഇലക്ട്രോഫിസിയോളജി ലാബ് നാടിനു സമർപ്പിച്ചു.
എഞ്ചിനീയറിംഗും മെഡിസിനും തമ്മിലുള്ള അന്തരം അനുദിനം കുറഞ്ഞുവരികയാണെന്നും ആഗോളതലത്തിൽത്തന്നെ രോഗനിർണയത്തിലും ചികിത്സയിലും മെഷീൻ ലേണിങ്ങിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും തത്വങ്ങൾ പ്രയോഗിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ഡോ. എസ്. സോമനാഥ് അഭിപ്രായപ്പെട്ടു. ഇലക്ട്രോഫിസിയോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലവ് കുറഞ്ഞ രോഗനിർണയ സംവിധാനങ്ങൾ അനിവാര്യമായ ഇന്ത്യൻ സാഹചര്യങ്ങളിൽ, സമാനതകളില്ലാത്ത കൃത്യത ഉറപ്പ് വരുത്തുന്ന ഇത്തരം സാങ്കേതികവിദ്യകൾ എല്ലാവർക്കും ലഭ്യമാക്കാനുള്ള കിംസ്‌ഹെൽത്തിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൃദയത്തിലെ അസാധാരണമായ വൈദ്യുത പ്രവർത്തനങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് ടാർഗെറ്റ് ചെയ്യാൻ സഹായിക്കുന്ന അത്യാധുനിക ത്രീഡി ഒമ്നിപോളാർ മാപ്പിംഗ് സംവിധാനമായ 'എൻസൈറ്റ് എക്സ്' കേരളത്തിൽ ആദ്യത്തേതും ഇന്ത്യയിൽ മൂന്നാമത്തേതുമാണ്. ഹൃദയമിടിപ്പിൽ ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന ഏട്രിയൽ ഫൈബ്രിലേഷൻ, ഇലക്ട്രിക്കൽ സ്റ്റോം, മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന വെൻട്രിക്കുലാർ ടാക്കിക്കാർഡിയ തുടങ്ങിയ സങ്കീർണ്ണവും അപകടകരവുമായ വൈകല്യങ്ങൾ കണ്ടുപിടിക്കുവാനും പരിഹരിക്കുവാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.
ഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനത്തെയും ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന വൈദ്യുത പ്രവാഹങ്ങളെയും പറ്റിയുള്ള കാർഡിയോളജിയിലെ ഒരു പഠന മേഖലയാണ് കാർഡിയാക് ഇലക്ട്രോഫിസിയോളജി (ഇപി). ക്രമം തെറ്റിയ ഹൃദയമിടിപ്പ് കണ്ടുപിടിക്കാനും അത് ചികിത്സിക്കുവാനും ഇലക്ട്രോഫിസിയോളജി പഠനം സഹായിക്കും. രക്തക്കുഴലുകൾ വഴി കത്തീറ്ററുകളും വയർ ഇലക്ട്രോഡുകളും ഹൃദയത്തിലേക്കെത്തിച്ചാണ് ഈ പരിശോധനകൾ നടത്തുക.
ഹൃദ്രോഗ വിഭാഗം സീനിയർ കൺസൾട്ടന്റും കോർഡിനേറ്ററുമായ ഡോ. അജിത് കുമാർ വി.കെ പരിപാടിയിൽ സ്വാഗതം ആശംസിച്ചു. ഇലക്ട്രോഫിസിയോളജി വിഭാഗം ആൻഡ് ഹാർട്ട് ഫെയിലിയർ ക്ലിനിക്ക് സീനിയർ കൺസൾട്ടന്റ് ഡോ. അനീസ് താജുദീൻ പുതിയ ലാബിന്റെ അത്യാധുനിക സൗകര്യങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ ഇത്തരം അത്യാധുനിക ഇലക്ട്രോഫിസിയോളജി സേവനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വരുൺ ഖന്ന സംസാരിച്ചു. കൂടാതെ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യമേഖലയിലെ വിടവ് ഫലപ്രദമായി നികത്താൻ ഒരു ഹെൽത്ത് കെയർ ശൃംഖലയിൽ പ്രവർത്തിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. എല്ലാവർക്കും അത്യാധുനിക വൈദ്യസഹായം ഉറപ്പുനൽകുന്നതിലുള്ള കിംസ്‌ഹെൽത്തിന്റെ പ്രതിബദ്ധതയിൽ അഭിമാനമുണ്ടെന്ന് കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കൂടാതെ രോഗികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഇനിയും ഇത്തരം നേട്ടങ്ങൾ സ്വന്തമാക്കാൻ അക്ഷീണം പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിംസ്‌ഹെൽത്ത് സഹസ്ഥാപകൻ ഇ.എം നജീബ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
തുടർന്ന് നടന്ന സിഎംഇയിൽ കാർഡിയോളജി, ഇലക്ട്രോഫിസിയോളജി വിദഗ്ധർ മേഖലയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ, വളർച്ച, രോഗി പരിചരണത്തിലെ അവയുടെ പ്രായോഗികത തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ചയായി.