nadal

പീറ്റ് സാംപ്രാസും ആന്ദ്രേ അഗാസിയുമൊക്കെ കളമൊഴിയുമ്പോഴേക്കും റോജർ ഫെഡറർ ടെന്നിസ് ലോകത്തിന്റെ വിസ്മയമായി മാറിക്കഴിഞ്ഞിരുന്നു. അഴക് വഴിഞ്ഞൊഴുകുന്ന ബാക് ഹാൻഡ് റിട്ടേണുകളുമായി ഫെഡറർ ടെന്നീസ് മത്സരത്തെ ഒരു സംഗീതകച്ചേരിപോലയോ നൃത്തശിൽപ്പം പോലെയോ ലാവണ്യതീഷ്ണമാക്കി മാറ്റുന്നതിനിടെയാണ് ഒരു സ്പാനിഷ് കാളക്കൂറ്റന്റെ കരുത്തുമായി റാഫേൽ നദാൽ കടന്നുവന്നത്. പവർപാക്ക്ഡ് ഷോട്ടുകളുടെ സ്ഫോടനം നടത്തി ചോരാത്ത കരുത്തിന്റെ വിയർപ്പുതുള്ളികൾ കൊണ്ട് കിരീടങ്ങൾ തുന്നിയെടുത്ത നദാലിന്റെ പ്രധാന തട്ടകം ഫ്രഞ്ച് ഓപ്പണായിരുന്നു. റൊളാംഗ് ഗാരോസിലെ കളിമൺ കോർട്ടിൽ കിരീടങ്ങൾക്കുപിന്നാലെ കിരീടങ്ങളുമായി ആ യാഗാശ്വം കുതിച്ചുപാഞ്ഞു . ഫെഡററിനും നദാലിനുമിടയിലേക്ക് ആറരയടിപ്പൊക്കത്തിന്റെ ആൾരൂപവുമായി നൊവാക്ക് ജോക്കോവിച്ചുകൂടിയെത്തിയതോടെ പുരുഷ ടെന്നിസിന്റെ പുഷ്കലകാലം പിറന്നു. പിന്നീട് ആ ത്രിമൂർത്തികൾ സൃഷ്ടിച്ച വസന്തമായിരുന്നു.

അക്കൂട്ടത്തിൽ നിന്ന് ആദ്യം പിരിഞ്ഞത് ഫെഡററായിരുന്നു. ഇപ്പോഴിതാ നദാലും. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി നദാലിന്റെ കരിയർ ക്ളേശകരമായ നിലയിലായിരുന്നു. വിട്ടുപിരിയാത്ത പരിക്കുകൾ പണ്ടും അലട്ടിയിട്ടുണ്ടെങ്കിലും പ്രായത്തിന്റേതായ വെല്ലുവിളികൾ കൂടി നേരിടേണ്ടിവന്നതോടെ കോർട്ടിൽ പഴയഫോമിൽ കളിക്കുക ബുദ്ധിമുട്ടേറിയകാര്യമായി മാറി. 2022ലാണ് നദാൽ അവസാനമായി ഫ്രഞ്ച് ഓപ്പൺ ജേതാവായത്. കഴിഞ്ഞ വർഷം പരിക്കുമൂലം കളിക്കാൻ കഴിഞ്ഞില്ല. ഈ വർഷം ആദ്യ റൗണ്ടിൽ ജർമ്മൻതാരം അലക്സിസ് സ്വരേവിനോട് തോറ്റ് മടങ്ങേണ്ടിവന്നു. അതിനുശേഷം പാരീസ് ഒളിമ്പിക്സിൽ മത്സരിച്ചെങ്കിലും രണ്ടാം റൗണ്ടിൽ നൊവാക്ക് ജോക്കോവിച്ചിനോട് തോറ്റുപുറത്തായി. ഡബിൾസിൽ കാർലോസ് അൽക്കാരസിനൊപ്പമിറങ്ങിയിട്ടും മെഡലിലെത്താനായില്ല.

2005ൽ തന്റെ 19-ാം പിറന്നാളിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ മരിയാനോ പ്യൂർട്ടോയെ കീഴടക്കിയാണ് നദാൽ തന്റെ ആദ്യ ഗ്രാൻസ്ളാം കിരീടം സ്വന്തമാക്കിയത്. പിന്നീട് ഫ്രഞ്ച് ഓപ്പണുകൾ നദാലിന്റെ കുത്തകയായി മാറുകയായിരുന്നു. 2006മുതൽ 2008 വരെ തുടർച്ചയായ കിരീടങ്ങൾ. 2009ൽ നാലാം റൗണ്ടിൽ റോബിൻ സോഡർലിംഗിനോട് നദാൽ അപ്രതീക്ഷിതമായി പരാജയപ്പെട്ടതുകൊണ്ടുമാത്രമാണ് റോജർ ഫെഡറർക്ക് തന്റെ കരിയറിലെ ഏക ഗ്രാൻസ്ളാം കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞതെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. 2010 മുതൽ 14വരെ റൊളാംഗ് ഗാരോസിൽ വീണ്ടും നദാലിന്റെ കുതിപ്പ്. 2015ൽ പരിക്ക് വേട്ടയാടാൻ തുടങ്ങിയപ്പോൾ ക്വാർട്ടർ ഫൈനലിൽ നൊവാക്കിനോട് തോറ്റു. നൊവാക്കും അങ്ങനെ ആദ്യ ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കി. 2016ൽ ഇടംകൈയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ഫ്രഞ്ച് ഓപ്പണിനിടെ പിന്മാറി. പിന്നീട് റിയോ ഒളിമ്പിക്സിൽ ഡബിൾസിൽ സ്വർണമണിഞ്ഞു. 2017ലാണ് ഫ്രഞ്ച് ഓപ്പണിൽ വീണ്ടും കിരീടവേട്ട തുടങ്ങുന്നത്. ഫൈനലിൽ സ്റ്റാൻ വാവ്‌റിങ്കയെ വീഴ്ത്തി നദാൽ നേടിയത് തന്റെ പത്താം ഫ്രഞ്ച് ഓപ്പൺ കിരീടമായിരുന്നു. ഈ നേട്ടത്തിലെത്തിയ ആദ്യ താരവും നദാലായിരുന്നു. തുടർന്ന് 2018,2019,2020,2022 വർഷങ്ങളിൽക്കൂടി നദാൽ റൊളാംഗ് ഗാരോസിലെ കളിമണ്ണിൽ രാജാവായി വാണു.

മുഖ്യ വേട്ട ഫ്രഞ്ച് ഓപ്പണിലാണെങ്കിലും മറ്റ് ഗ്രാൻസ്ളാമുകളിലും നദാൽ നിരാശപ്പെടുത്തിയിട്ടില്ല. 2008ലെ ഇതിഹാസമായി മാറിയ ഫൈനലിലെ അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ റോജർ ഫെഡററെ കീഴടക്കി ആദ്യ വിംബിൾഡൺ കിരീടം സ്വന്തമാക്കി. ലോക ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മനോഹരവും ആവേശകരവുമായ മത്സരങ്ങളിലൊന്നായാണ് ആ ഫൈനലിലനെ ടെന്നിസ് ലോകം വിലയിരുത്തുന്നത്. അവസാന സെറ്റിൽ 9-7ന് നദാൽ ഫെഡററെ കീഴ്പ്പെടുത്തിയത് അവിശ്വസനീയതോടെയാണ് ക്വീൻസ് ക്ളബിലെ കാണികൾ കണ്ടിരുന്നത്. 2010ൽ തോമസ് ബെർഡിച്ചിനെ വീഴ്ത്തി വീണ്ടും വിംബിൾഡൺ ജേതാവായി. 2009ൽ തന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ നേടിയിരുന്ന നദാൽ പിന്നീട് 13 വർഷങ്ങൾക്ക് ശേഷമാണ് അവിടെ ചാമ്പ്യനായത്. 2010ലായിരുന്നു ആദ്യ യു.എസ് ഓപ്പൺ കിരീടം.2008വരെ തുടർച്ചയായി നാലുകിരീടങ്ങൾ സ്വന്തമാക്കി.

2008ൽ സിംഗിൾസിലും 2016ൽ ഡബിൾസിലും ഒളിമ്പിക് മെഡലുകൾ നേടിയ നദാൽ സ്പെയ്നിന്റെ അഞ്ച് ഡേവിസ് കപ്പ് വിജയങ്ങളിലും പ്രധാന പങ്കുവഹിച്ചു. അഞ്ച് വർഷാന്ത്യങ്ങളിൽ എ.ടി.പി റാങ്കിംഗിലെ ഒന്നാം സ്ഥാനത്ത് തുടർന്ന നദാൽ 2005 മുതൽ 2024 മാർച്ച് വരെ നീണ്ട 17 കൊല്ലം ലോകറാങ്കിംഗിൽ ആദ്യ പത്തിനുള്ളിലുണ്ടായിരുന്നു. 209 ആഴ്ചകളാണ് ഒന്നാം റാങ്കിൽ ഉണ്ടായിരുന്നത്. 2004 മുതൽ 2022വരെ ഓരോ വർഷവും ഒരു കിരീടമെങ്കിലും നേടിയിരുന്നു.